നീലേശ്വരം: തൈക്കടപ്പുറം 27 -ാം വാര്‍ഡിലെ അഴിത്തല സ്മാര്‍ട്ട് അംഗണവാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍മാനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്. ചെയര്‍മാന്റെ നിലപാട് ഭരണകര്‍ത്താവിന് യോജിച്ചതല്ലെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാരും നേതാക്കളും പ്രവര്‍ത്തകരും ചടങ്ങ് ബഹിഷ്കരിച്ചു.
ഇന്നലെയായിരുന്നു ഉദ്ഘാടനം. അംഗണവാടി നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത് നിലവിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ. പ്രകാശന്റെ പിതാവ് പി.വി. അമ്പുവാണ്. നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിച്ചത് സര്‍ക്കാര്‍ ഫണ്ടായ കാസര്‍കോട് വികസന പാക്കേജിലെ തുകയാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം മന്ത്രിയോ എംഎല്‍എയോ എംപിയോ ഉദ്ഘാടനം ചെയ്യുന്നതിനു പകരം നഗരസഭാ ചെയര്മാന് തന്നെ ഉദ്ഘാടകനാകണമെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. ജില്ലാ കലക്ടറെ ഉദ്ഘാടകയാക്കാന് ശ്രമിച്ചെങ്കിലും അവര്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ചെയര്മാന് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.എല്ലാം ഞാന്‍ തന്നെ വേണം എന്ന ചെയര്‍മാന്റെ ധാര്‍ഷ്ട്യമാണ് നീലേശ്വരം നഗരസഭയില്‍ നടക്കുന്നത് എന്നും യുഡിഎഫ് ആരോപിച്ചു. പൂച്ച പെറ്റ് പൂച്ച തന്നെ തിന്നുന്ന സ്ഥിതി.
നഗരസഭയിലെ 34-ാം വാര്‍ഡായ ടൗണ്‍ വാര്‍ഡില്‍, ബന്ധപ്പെട്ട കൗണ്‍സിലറെ അറിയിക്കാതെ വാര്‍ഡിലെ താമസക്കാരിയല്ലാത്ത സ്വന്തം പാര്‍ട്ടിക്കാരിയെ ആശാ വര്‍ക്കറായി നിയമിച്ചതായും ചെയര്‍മാനെതിരെ യുഡിഎഫ് ആരോപണം ഉന്നയിച്ചു. ഇതുസംബന്ധിച്ച പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. സ്മാര്‍ട്ട് അംഗന്‍വാടി ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ചെയര്മാന് ഉറപ്പുനല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും യുഡിഎഫ് ആരോപിച്ചു. ചെയര്‍മാന്റെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും വരും ദിവസങ്ങളില്‍ നഗരസഭാ കൗണ്‍സിലില്‍ ഉള്‍പ്പെടെ വിഷയം ഉന്നയിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.