കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം; ഫര്‍ണിച്ചറുകള്‍ നെല്‍പ്പാടത്തേക്ക് വലിച്ചെറിഞ്ഞു

ചോയ്യംങ്കോട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ കിണാവൂരിലെ 235 -ാം ബൂത്ത് കമ്മിറ്റി ഓഫീസ് അജ്ഞാതര്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയും ഓഫീസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി പരാതി. ഓഫീസിനുള്ളിലെ ഫര്‍ണിച്ചറുകളും മറ്റ് ഉപകരണങ്ങളും സമീപത്തെ നെല്‍പ്പാടത്തിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് . ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു.

ഇതുമായി ബന്ധപ്പെട്ട് കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നീലേശ്വരം പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവിവരം അറിഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള അവകാശം പോലും നിഷേധിക്കാന്‍ ശ്രമിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണെന്നും അവര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം ചോയ്യംങ്കോട് നിന്ന് കിണാവൂരിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് കിണാവൂരില്‍ പ്രതിഷേധയോഗം നടക്കുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ചവരില്‍ ഡി.സി. സി അംഗം സി.വി. ഭാവനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഉമേശന്‍ വേളൂര്‍, മണ്ഡലം പ്രസിഡന്‍റ് മനോജ് തോമസ്, മണ്ഡലം വൈസ് പ്രസിഡന്‍റ് അജയന്‍ വേളൂര്‍, ജയകുമാര്‍ ചാമക്കുഴി, മണ്ഡലം ജനറല്‍ സെക്രട്ടറി ബാലഗോപാലന്‍ പി. കാളിയാനം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വിഷ്ണു പ്രകാശ്, വാര്‍ഡ് പ്രസിഡന്‍റ് ജയനാരായണന്‍, ബൂത്ത് പ്രസിഡന്‍റ് പി.നാരായണന്‍, എന്‍. പ്രകാശന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.