പാനൂരില്‍ റോഡിലേക്ക് ബോംബെറിഞ്ഞു

കണ്ണൂര്‍: പാനൂരില്‍ റോഡില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. ചെണ്ടയാട് കുന്നുമ്മല്‍ കണ്ടോത്തുംചാലിലാണ് ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ സ്ഫോടനമുണ്ടായത്. രണ്ടുതവണ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

സ്ഫോടകവസ്തു റോഡിലേക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന. ഇത് ബോംബാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ഉഗ്രശേഷിയുള്ളതായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പാനൂര്‍ പോലീസ് പുലര്‍ച്ചെതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുദിവസം മുമ്പ് കണ്ടോത്തുംചാല്‍ പുളിയത്താംകുന്നിന് മുകളില്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ഒരു സ്ഫോടനം നടന്നിരുന്നു. ഈ പ്രദേശത്ത് ഇക്കൊല്ലം ജൂണിലും സമാനമായ സ്ഫോടനം നടന്നിരുന്നു. അന്നും റോഡിലേക്ക് സ്ഫോടകവസ്തു വലിച്ചെറിയുകയായിരുന്നു. എന്നാല്‍, ഇതിനുപിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.