കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മുന്‍ ഡിവൈഎഫ്ഐ നേതാവും ബാഡൂര്‍ എ.എല്‍.പി സ്കൂളിലെ അധ്യാപികയുമായ സച്ചിതാറൈക്കെതിരെ പോലീസ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പുല്ലൂര്‍, കൊടവലത്തെ നരേഷിന്‍റെ പരാതി പ്രകാരം അമ്പലത്തറ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ബദിയഡുക്ക പള്ളത്തടുക്കയിലെ അമൃത നല്‍കിയ പരാതിയില്‍ ബദിയഡുക്ക പോലീസ് മറ്റൊരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. സിപിസിആര്‍ഐയില്‍ ജോലി വാഗ്ദാനം ചെയ്ത് 11.71 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ഇതോടെ സച്ചിതയ്ക്കെതിരെ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിമൂന്നായി. കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടിയിലും സച്ചിതയ്ക്കെതിരെ കേസുണ്ട്. കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സച്ചിത കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍റിലാണ്.