നീലേശ്വരം ബസ്റ്റാന്‍റ് ചെളിക്കുളമായി

നീലേശ്വരം : നീലേശ്വരത്തെ താല്‍ക്കാലിക ബസ്റ്റാന്‍റ് മഴ കനത്തതോടുകൂടി ചെളികുളമായി മാറിയത് യാത്രക്കാര്‍ക്ക് ദുരിതമായി. മുമ്പ് ചെളി ഒഴിവാക്കാനായി ഇവിടെ ജില്ലി നിരത്തിയിരുന്നു. അവിടെയാണ് കാലവര്‍ഷം കനത്തതോടെ ബസുകള്‍ കയറിയിറങ്ങി ജില്ലികള്‍ തെന്നിമാറി ചെറുതും വലുതുമായ നിരവധി കുഴികള്‍ രൂപപ്പെട്ടത്. ഇത് അപകടം ക്ഷണിച്ച് വരുത്തും. യാത്രക്കാര്‍ക്ക് ബസ് കയറാനും ഇറങ്ങാനും കഴിയാത്ത സ്ഥിതിയാണ്. കൂടാതെ ബസുകള്‍ പോകുമ്പോള്‍ കുഴിയിലെ ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും നിത്യസംഭവമായി. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.