25 വര്‍ഷത്തെ ശബരിമല സേവനം; എസ്ഐ മധുസൂദനന് സന്നിധാനത്ത് യാത്രയയപ്പ്

ശബരിമല: 25 തവണയിലേറെ ശബരിമലയില്‍ സേവനം അനുഷ്ടിച്ച പോലീസ് ഓഫീസര്‍ക്ക് ശബരിമല സന്നിധിയില്‍ യാത്രയയപ്പ്. അടുത്തമാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ മടിക്കൈ പൂത്തക്കാലിലെ കുടുക്ക വളപ്പില്‍ കെ.വി.മധുസൂദനനാണ് സഹപ്രവര്‍ത്തകര്‍ ശബരിമല അയ്യപ്പസന്നിധിയില്‍ വെച്ച് യാത്രയയപ്പ് നല്‍കിയത്. എഡിജിപി എസ് ശ്രീജിത്ത് സഹപ്രവര്‍ത്തകരുടെ ഉപഹാരം മധുസൂദനന് സമ്മാനിച്ചു. 1995 ല്‍ കെഎപി നാലാം ബറ്റാലിയനില്‍ സര്‍വ്വീസില്‍ ചേര്‍ന്ന മധുസൂദനന്‍ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. എആര്‍ ക്യാമ്പ് മുതല്‍ മധുസൂദനന്‍ ശബരിമലയില്‍ ഡ്യൂട്ടി ചെയ്തുവരുന്നുണ്ട്. ജനുവരി 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതിന്‍റെ ഭാഗമായാണ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കാസര്‍കോട്ടെ സഹപ്രവര്‍ത്തകര്‍ മധുസൂദനന് യാത്രയയപ്പും ഉപഹാരവും നല്‍കിയത്. ഡിവൈഎസ്പി ടി.ഉത്തംദാസ്, വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ കെ.പി.സതീശന്‍, എസ്ഐ ബി.ഡി.ഗോപി എ എസ്ഐ രാജീവന്‍ ചെറുവത്തൂര്‍, ചന്തേര സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രഭേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്.