പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി

കാസര്‍കോട്: കേരളം നാളെ ബൂത്തിലേക്ക്, പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പോളിംഗ് സാധനങ്ങളുടെ വിതരണം അതാതു കേന്ദ്രങ്ങളില്‍ ആരംഭിച്ചു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ജി.എച്ച്.എസ്.എസ്. കുമ്പള, കാസര്‍കോട് ഗവ. കോളേജ്, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍, ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്കൂള്‍, സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ജി.വി.എച്ച്.എസ്.എസ്, മാടായി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. ഉച്ചയോടെ പോളിംഗ് സാമഗ്രികളുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് നീങ്ങി തുടങ്ങി. കാസര്‍കോട് മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 32,827 കന്നി വോട്ടര്‍മാരും 4934 പ്രവാസി വോട്ടര്‍മാരുമാണ്. 1334 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ ഉള്ളത് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലാണ്-205. ഏറ്റവും കുറവ് ബൂത്തുകള്‍ കല്ല്യാശ്ശേരിയിലാണ്-170. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്.