വയനാടിനെ ഇളക്കിമറിച്ച് രാഹുല്‍ പത്രികനല്‍കി

കല്‍പറ്റ : വയനാട് മണ്ഡലത്തെ ഇളക്കിമറിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി പത്രിക നല്‍കി. പതിനായിരങ്ങള്‍ അണിനിരന്ന റോഡ് ഷോയോടെയാണ് രാഹുല്‍ പത്രിക നല്‍കാനെത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇരുവരും തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് നാമനിര്‍ദ്ദേശപത്രിക നല്‍കാനെത്തിയത്. റോഡ് ഷോയ്ക്കായി വന്‍ ജനാവലി എത്തിയതോടെ കല്‍പറ്റ നഗരം സ്തംഭിച്ചു. രാഹുലിനും പ്രിയങ്കയ്ക്കും പുറമേ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, യുവനേതാവ് കനയ്യ കുമാര്‍, കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ്, കല്‍പറ്റ എംഎല്‍എ ടി. സിദ്ദിഖ് തുടങ്ങിയവര്‍ രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ട്.

ഹെലികോപ്റ്ററിലാണ് മൂപ്പൈനാട് തലക്കല്‍ ഗ്രൗണ്ടിലേക്ക് രാഹുലും പ്രിയങ്കയും എത്തിയത്. ഹെലിപാഡിനു സമീപം തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് രാഹുല്‍ റോഡ് ഷോയ്ക്കായി പോയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആനിരാജയും ഇന്ന് പത്രിക സമര്‍പ്പിച്ചു. ആയിരക്കണക്കിന് ആളുകളോടൊപ്പം പ്രകടനമായെത്തിയാണ് ആനിരാജയും പത്രിക സമര്‍പ്പിച്ചത്