കാസര്‍കോട് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും വോട്ടെടുപ്പ് വേളയില്‍ സിപിഎമ്മിനെയും ഇടതുമുന്നണിയേയും വെട്ടിലാക്കിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും മുഖ്യ ചര്‍ച്ചയായേക്കും. തെരഞ്ഞെടുപ്പ് ദിവസത്തിലെ ഇപിയുടെ പ്രതികരണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് നീരസമുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇ.പി ജയരാജനെ തള്ളിയിരുന്നു.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച നടത്തിയതും തെരഞ്ഞെടുപ്പ് ദിവസം ഇത് സംബന്ധിച്ച് നടത്തിയ പരസ്യ പ്രസ്തവനയും തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്ക് കടുത്ത തലവേദന സൃഷ്ടിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെ ഇ.പി.ജയരാജനെ തള്ളിപ്പറഞ്ഞതോടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റുമോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാകും. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും ഇ.പി.ജയരാജന്‍റെ നടപടിയില്‍ കടുത്ത അമര്‍ഷമുള്ളവരാണ്. ഇതിന് മുമ്പും ഇ.പി.ജയരാജന്‍റെ പല നിലപാടുകളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയെങ്കിലും ജയരാജനെ തടയിട്ടില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും തുറന്ന് പറയുന്നുണ്ട്. സിപിഎം സംഘടനാരീതി പിന്തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അത് ഉപേക്ഷിച്ച് ജയരാജനോടുള്ള അമര്‍ഷം പരസ്യമാക്കുകയും ചെയ്തു. സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ തൊടുത്തുവിട്ട പുതിയ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍റെ സ്ഥിരീകരണം പാര്‍ട്ടികേന്ദ്രങ്ങളെ ഞെട്ടിച്ചു. തിരുവനന്തപുരത്തുള്ള മകന്‍റെ ഫ്ളാറ്റിലെത്തിയാണ് ജാവേദ്ക്കറുമായി ചര്‍ച്ചനടത്തിയതെന്നാണ് ഇ.പിയുടെ വെളിപ്പെടുത്തല്‍. അതേസമയം ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്നായിരുന്നു സിപിഎമ്മിന്‍റെ ആക്ഷേപം. ഇതിനിടെയാണ് അനില്‍ ആന്‍റണിക്കെതിരായ ആരോപണങ്ങളുമായി ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയത്. ഇതിനിടെയാണ് ശോഭാ സുരേന്ദ്രന്‍റെയും ഇ.പി ജയരാജന്‍റെയും പേര് പുറത്തുവന്നത്. ആ ചര്‍ച്ച വളര്‍ന്ന് വന്ന് രാഷ്ട്രീയ ബോംബായി പൊട്ടിയപ്പോള്‍ പരിക്ക് മുഴുവന്‍ സിപിഎമ്മിനും ഇ.പി ജയരാജനുമാണ്.
എന്നാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം കിട്ടാത്തതിനെ തുടര്‍ന്ന് സിപിഎമ്മുമായി ഉടക്കി നിന്ന ജയരാജന്‍ ഈസമയത്ത് സമാന്തരമായി ബിജെപി കേന്ദ്രനേതാക്കളുമായി നിരന്തരം ചര്‍ച്ചയിലായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ഒന്നിന് പിറകേ ഒന്നായി തുറന്നടിച്ചു. ഏതെങ്കിലും നേതാവിനെ കാണുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറഞ്ഞ് ഇപി ജയരാജനെ അക്കാര്യത്തില്‍ പിന്തുണച്ച മുഖ്യമന്ത്രി പക്ഷേ ദല്ലാള്‍ ബന്ധത്തിനെതിരെ കണക്കിന് പ്രഹരിച്ചു. നേരത്തേ സാന്‍റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട ദേശാഭിമാനി ബോണ്ട് വിവാദം, വിവാദ വ്യവസായിമായുള്ള ദേശാഭിമാനി ഭൂമി ഇടപാട്, ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ ബന്ധുനിയമനം തുടങ്ങിയ വിഷയങ്ങളില്‍ ഇപി ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അച്ചടക്ക നടപടിയെടുത്തിരുന്നു. അത് കൂടി ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇതേ നിലപാട് തന്നെയാണ് പറഞ്ഞത്. പലഘട്ടങ്ങളിലും ഇപിയെ സംരംക്ഷിച്ചിട്ടുള്ള പിണറായി ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നതോടെ ഇപിയുടെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. ഏതായാലും തിങ്കളാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇ.പി.ജയരാജന് നിര്‍ണ്ണായകമാണ്.