നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിരഞ്ഞെടുപ്പ് കൊട്ടികലാശത്തിന് നിയന്ത്രണം

നീലേശ്വരം: തദ്ദേശ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഡിസംബര്‍ 9 ന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തില്‍ പോലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് സമാധാനപരമായി പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമായി നടത്തുവാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യുഡിഎഫിന്‍റെ പ്രകടനം 3.30 ന് കോണ്‍വെന്‍റ് ജംഗ്ഷനില്‍ നിന്നും തെരുറോഡ് ഹാപ്പി ടൂറിസ്റ്റ് ഹോം റോഡ് വഴി നിലവിലുള്ള ബസ് സ്റ്റാന്‍റ് പരിസരത്ത് സമാപിക്കുന്നതിനും, എല്‍ഡിഎഫ് പ്രകടനം 4.30ന് കോണ്‍വെന്‍റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് തെരുറോഡ് ഹാപ്പി ടൂറിസ്റ്റ് ഹോം റോഡ് വഴി പഴയ മുനിസിപ്പാലിറ്റി ഓഫീസിന് സമീപം സമാപിക്കുവാനും, എന്‍ഡിഎ പ്രകടനം തളിയില്‍ അമ്പലം പരിസരത്തുനിന്ന് ആരംഭിച്ച് കോണ്‍വെന്‍റ് ജംഗ്ഷനില്‍ സമാപിക്കുന്നതിനും എസ്ഡിപിഐ പ്രകടനം തൈക്കടപ്പുറം ബോട്ട് ജെട്ടിയില്‍ നിന്നും ആരംഭിച്ച് സ്റ്റോര്‍ ജംഗ്ഷനില്‍ സമാപിക്കുവാനും, നീലേശ്വരം മുനിസിപ്പാലിറ്റി പരിധിയില്‍ മറ്റ് പ്രാദേശിക കൊട്ടിക്കലാശ പരിപാടികള്‍ നടത്തേണ്ടതില്ല എന്നും തീരുമാനിച്ചു. കിനാനൂര്‍-കരിന്തളം, മടിക്കൈ പഞ്ചായത്തുകളില്‍ വാര്‍ഡ് തലങ്ങള്‍ കേന്ദ്രീകരിച്ച് കൊട്ടിക്കലാശങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സമയക്രമം സംബന്ധിച്ച് പോലീസിന്‍റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും പ്രകടനത്തോടൊപ്പം ബൈക്ക് റാലി, മറ്റ് വാഹന റാലികള്‍ കര്‍ശനമായി നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍ ജി.ജിഷ്ണുവിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നീലേശ്വരം ഇന്‍സ്പെക്ടര്‍ നിബിന്‍ ജോയ്, സബ് ഇന്‍സ്പെക്ടര്‍ കെ.വി.രതീശന്‍, സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ എം.മഹേന്ദ്രന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റേഷന്‍ പിആര്‍ഒ കെ.വി.പ്രകാശന്‍ സ്വാഗതവും റൈറ്റര്‍ ടി.വി.സജിത്ത് നന്ദിയും പറഞ്ഞു.