സര്‍ക്കാരിന്‍റെ മൗനത്തിനെതിരെ മൗന ഉപവാസം

വെള്ളരിക്കുണ്ട്: ആറുമാസത്തോളമായി വെള്ളരിക്കുണ്ടില്‍ തുടര്‍ന്നുവരുന്ന കര്‍ഷകസ്വരാജ് സത്യാഗ്രഹത്തോടു മൗനം തുടരുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് മാലക്കല്ലിലെ ആദ്യകാല വ്യാപാരിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാത്യു കുരുവിള 24 മണിക്കൂര്‍ മൗന ഉപവാസമനുഷ്ഠിച്ചു.

സ്വാതന്ത്ര്യദിനത്തിലാരംഭിച്ച സത്യാഗ്രഹം റിപ്പബ്ലിക് ദിനം മുതല്‍ 24 മണിക്കൂര്‍ റിലേ ഉപവാസമായി തീവ്രമാക്കിയിരുന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ കൂടി റിപ്പബ്ലിക് ദിനം മുതല്‍ സത്യാഗ്രഹമാരംഭിച്ചതോടെ ഒരേ സമയം രണ്ടു സമരകേന്ദ്രങ്ങളില്‍ അനിശ്ചിതകാല സമരം മുന്നോട്ടു കൊണ്ടുപോകാനാവുമെന്ന് കര്‍ഷകര്‍ തെളിയിച്ചിരിക്കയാണ്. ഇന്ന് മുതല്‍ ഈരാറ്റുപേട്ടയിലെ സത്യാഗ്രഹ പന്തലില്‍ സത്യാഗ്രഹ സമിതി ചെയര്‍മാന്‍ സണ്ണി പൈകട അനിശ്ചിതകാലനിരാഹാരമാരംഭിക്കും. അനിശ്ചിതകാല നിരാഹാരത്തിനായി വെള്ളരിക്കുണ്ട് സത്യാഗ്രഹ പന്തലില്‍ നിന്ന് പുറപ്പെട്ട സണ്ണി പൈകടക്ക് ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജുകട്ടക്കയം സമര പതാക കൈമാറി. യാത്രയയപ്പ് സമ്മേളനത്തില്‍ ഫെറോന വികാരി ജോണ്‍സന്‍ അന്ത്യാംകുളം അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിന്‍സി ജയിന്‍, ഗ്രാമ പഞ്ചായത്തംഗം ഷോബി ജോസഫ്, ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. സമരസമിതി പ്രവര്‍ത്തകരോടൊപ്പം പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിലെത്തിയ സണ്ണി പൈകടക്ക് അവിടുത്തെ ഗാന്ധി മാവിന്‍റെ ചുവട്ടില്‍ പ്രമുഖ ഗാന്ധിയന്‍ പത്മശ്രീ വി.പി.അപ്പുക്കുട്ടന്‍ സത്യാഗ്രഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.വി. രാഘവന്‍, ഡോ.ഡി.സുരേന്ദ്രനാഥ്, ബിനോയി തോമസ്, ഷോബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ.പി.നാരായണന്‍ സ്വാഗതവും പി.എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.