കക്കോലിലെ പുലി: അഭ്യൂഹങ്ങള്‍ പെരുകുന്നു

കരിന്തളം: ചോയ്യംകോട് കക്കോലില്‍ പുലിയെ കണ്ടെത്തിയതിന് പിന്നാലെ അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകളും വ്യാപകമാകുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കക്കോല്‍ പള്ളത്തിന് സമീപം ജിഷ്ണു എന്ന യുവാവാണ് പുലിയെ കണ്ടത്. യുവാവ് തന്നെയാണ് പുലിയുടെ വീഡിയോ എടുത്ത് സംഭവം പുറത്തറിയിച്ചതും അതിന്‍റെ ഭാഗമായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ലക്ഷ്മണന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് അന്ന് തന്നെ പുലിയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇതുവരെയും ക്യാമറയില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. പട്രോളിംഗ് ശക്തമായി തുടരുന്നു. അതിനിടെ ഇത് സംബന്ധിച്ച് നാട്ടില്‍ അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്തകളും സജീവമാണ് .ഇന്നലെ വൈകുന്നേരം തലയെടുക്കം കാരാട്ട് പുലി ഭക്ഷിച്ച് ബാക്കിയുള്ള പൂച്ചയുടെ അവശിഷ്ടം ഉണ്ടെന്ന് പറഞ്ഞ് ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. എന്നാല്‍ ഫോറസ്സ്റ്റ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ അത് പട്ടി പിടിച്ച പൂച്ചയുടെ അവശിഷ്ടമാണെന്ന് സ്ഥിതികരിക്കുകയും പൂച്ചയെ പട്ടി പിടിക്കുന്നത് കണ്ട ആളെ നേരില്‍കണ്ട് ഉറപ്പിക്കുകയും ചെയ്തിരുന്നു. രാത്രിയിലും പലയിടത്തും പുലി ഉള്ളതായി വാര്‍ത്ത പരന്നിരുന്നു. കക്കോലില്‍ കണ്ട പുലി ഇവിടന്ന് വിട്ടുപോയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു.