കരിന്തളം: ആള്‍ട്ടോ കാറും ആപ്പ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെ ചോയ്യംങ്കോട് കിണാവൂര്‍ റോഡ് ജംഗ്ഷനിലാണ് അപകടം. നെല്ലിയടുക്കത്ത് നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും ചോയ്യംകോട് ഭാഗത്തു നിന്ന് ചിറ്റാരിക്കാലിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. ഉടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ ബിനോയ്, ഓട്ടോ യാത്രക്കാരി ലത, കാര്‍ ഓടിച്ചിരുന്ന ചിറ്റാരിക്കാലിലെ തോമസ് എന്നിവരെ പരിക്കുകളോടെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ മേഖലയില്‍ ചെറിയ വളവ് ഉണ്ടായിട്ട് പോലും വാഹനങ്ങള്‍ പലപ്പോഴും അമിതവേഗതിയിലാണ് സഞ്ചരിക്കുന്നത്. കിണാവൂര്‍ റോഡ് ജംഗ്ഷന്‍ ബസ്റ്റോപ്പില്‍ സീബ്ര ലൈന്‍ ഉണ്ടെങ്കിലും അതൊന്നും തന്നെ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാറെ ഇല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കിണാവൂര്‍ ഗവണ്‍മെന്‍റ് എല്‍ പി സ്കൂള്‍, ചായ്യോത്ത് ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന സമീപ പ്രദേശത്തുള്ള ഭൂരിഭാഗം കുട്ടികളും കാല്‍നടയായി ഇതുവഴിയാണ് പോകുന്നത്. ഇന്ന് അപകടം നടന്ന സമയത്ത് കുട്ടികള്‍ ഇതുവഴി പോകാതിരുന്നത് കൊണ്ട് മാത്രമാണ് വലിയൊരു ദുരന്തത്തില്‍ നിന്നും നാട് രക്ഷപ്പെട്ടത്. ഇവിടെ ചെറിയൊരു സൂചന ബോര്‍ഡ് ഉണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്നില്ല.
ചോയ്യംങ്കോട് കാറും റിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
