കാഞ്ഞങ്ങാട്: വേര്‍പിരിഞ്ഞ മാതാപിതാക്കള്‍ വേറെ വിവാഹം കഴിച്ച് ഗള്‍ഫിലേക്ക് കടന്നതോടെ പത്തും പതിനാലും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ വഴിയാധാരമായി.
പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാതെ അമ്മാവന്‍ അഭയം തേടി പോലീസ് സ്റ്റേഷനിലെത്തി. ഗള്‍ഫിലുള്ള മാതാപിതാക്കളെ ബന്ധപ്പെട്ട് കുട്ടികളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കളും കുഞ്ഞുങ്ങളെ തള്ളിപ്പറഞ്ഞു. പെണ്‍മക്കളെ ബസ്റ്റാന്‍റില്‍ കൊണ്ടുപോയി തള്ളാനാണ് പിതാവ് ഗള്‍ഫില്‍ നിന്നും പോലീസുകാരെ അറിയിച്ചത്. അതേസമയം മക്കളെ നോക്കേണ്ട ഉത്തരവാദിത്വം പിതാവിനാണെന്നും തനിക്ക് തന്‍റെ പുതിയ ഭര്‍ത്താവ് പറയുന്നതുമാത്രമേ അനുസരിക്കാന്‍ കഴിയൂവെന്നാണ് കുഞ്ഞുങ്ങളുടെ മാതാവും പറഞ്ഞത്. കുഞ്ഞുങ്ങളെ ഇപ്പോള്‍ സംരക്ഷിക്കുന്ന അമ്മാവനാവട്ടെ ഡയാലിസിസിന് വിധേയമാകുന്ന മാതാവിനെ പോലും നോക്കാന്‍ കഴിയാത്ത പരിതാപാവസ്ഥയിലുമാണ്. പെണ്‍കുട്ടികളെ നിസഹായാവസ്ഥകണ്ട് പോലീസുകാര്‍ക്കുപോലും സങ്കടാവസ്ഥയിലായി. ഒടിവില്‍ തല്‍ക്കാലം അമ്മാവനോടുതന്നെ മക്കളെ സംരക്ഷിക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ചോയ്യംങ്കോട്ടാണ് കുട്ടികളുടെ അമ്മയുടെ വീട്. പിതാവ് കൊവ്വല്‍പള്ളിയിലും. നേരത്തെ തന്നെ കുട്ടികളുടെ മാതാപിതാക്കള്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇതിനുശേഷം ഇളയകുട്ടികള്‍ രണ്ടുപേരും മാതാവിന്‍റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ജേഷ്ഠന്‍ പിതാവിന്‍റെ വീട്ടിലും. കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാതെവന്നപ്പോഴാണ് അമ്മാവന്‍ സഹായം തേടി പോലീസ് സ്റ്റേഷനിലെത്തിയത്. മാതാപിതാക്കള്‍ കയ്യൊഴിയുകയും ബന്ധുക്കള്‍ നിസഹായവസ്ഥയിലാവുകയും ചെയ്തതോടെ രണ്ട് പെണ്‍കുട്ടികളെ ജീവിതമാണ് വഴിയാധാരമായിരിക്കുന്നത്.