കാസര്‍കോട്: മുന്‍ തലമുറകള്‍ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്‍റെ കൈത്തിരി അണിയാതിരിക്കാന്‍ ജനാധിപത്യ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും പുതുതലമുറ സ്വാതന്ത്ര്യത്തിന്‍റെ കാവലാളാവുകയും വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി പരേഡ് പരിശോധിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. അരാഷ്ട്രീയ ചിന്തകള്‍ക്ക് ഇടം കൊടുക്കാതെ പുതുമനസ്സുകളുടെ ചിന്താധാരയെ സ്വാധീനിക്കാനാകണം മാനവികതയ്ക്ക് ക്ഷതമേല്‍ക്കുമ്പോള്‍ അവിടെ ജനാധിപത്യത്തിന്‍റെ മരണ മണിയായിരിക്കും ആദ്യം മുഴങ്ങുകയെന്ന് മറക്കാതിരിക്കണമെന്നും മന്ത്രി പറഞ്ഞു.
വയനാട്ടില്‍ സംഭവിച്ച സമാനതകളില്ലാത്ത ദുരന്തം എല്ലാവരെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ദുരിതമനുഭവിക്കുന്നവരെ എല്ലാവിധത്തിലും സഹായിക്കാന്‍ ഒരുമിച്ചിറങ്ങേണ്ട സാഹചര്യമാണ്. തകര്‍ന്ന നാടിനെ പുനര്‍ നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രണ്ടു പ്രളയങ്ങളും കോവിഡും അതിജീവിച്ച നാം ഒറ്റക്കെട്ടായി നിന്ന് ഈ ദുരന്തവും അതിജീവിക്കുമെന്ന് മന്ത്രി പറഞ്ഞു ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ വര്‍ക്ക് മന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി പി. ബിജോയ് എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എ മാരായ എ.കെ.എം അഷറഫ്, എന്‍.എ നെല്ലിക്കുന്ന്, അഡ്വ.സി.എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് ഖാദര്‍ ബദരിയ സമര സേനാനികളായ ക്യാപ്റ്റന്‍ കെ.എം.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഗോപാലന്‍ നായര്‍, എ.ഡി.എം പി.അഖില്‍, എ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് സാരീസ് നെയ്ത്ത് സംഘം നെയ്തെടുത്ത ഷാള്‍ വിശിഷ്ട അതിഥികള്‍ക്ക് നല്‍കി. സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കാസര്‍കോട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ നളിനാക്ഷന്‍ പരേഡ് നയിച്ചു. മേല്‍പറമ്പ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അനീഷ് സെക്കന്‍റ് കമാന്‍ററായി.