കാഞ്ഞങ്ങാട്: കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജ്മോഹന്‍ ഉണ്ണിത്താന് ലഭിച്ച ഒരുലക്ഷത്തില്‍പ്പരം വോട്ടിന്‍റെ ഭൂരിപക്ഷതിളക്കത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ട് ഉണ്ണിത്താനെതിരെ ബഹുജന സമരത്തിന് അണിയറയില്‍ നീക്കം തുടങ്ങി.
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് ബാലകൃഷ്ണന്‍ പെരിയ, പ്രമോദ് പെരിയ, രാജന്‍ പെരിയ, പെരിയ സഹകരണ ബാങ്ക് പ്രസിഡണ്ട് രാമകൃഷ്ണന്‍ എന്നിവരെ കഴിഞ്ഞദിവസം കെ.പി.സി.സി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരെ പുറത്താക്കപ്പെട്ടവര്‍ ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഉണ്ണിത്താനെതിരെ പരസ്യപ്രതികരണം നടത്തി. ഉണ്ണിത്താന്‍റെ പരാതിയിലാണ് നാലുപേരെ കെ.പി.സി.സി പുറത്താക്കിയത്. കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ലോമാസ്റ്റ് വിളക്കുകളടക്കം 276 ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചു. 5 ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഹൈമാസ്റ്റ് വിളക്കിന് പണം അനുവദിക്കുന്നത്. എംഎല്‍എമാര്‍ക്കും അവരുടെ മണ്ഡലങ്ങളില്‍ സ്ഥാപിക്കാന്‍ വിളക്കുകള്‍ അനുവദിക്കുന്നുണ്ട്. വിളക്കുകള്‍ സ്ഥാപിക്കാന്‍ കരാറെടുക്കുന്നത് പുറത്തുനിന്നുള്ള ഏജന്‍സികളാണ്. ഈ ഏജന്‍സികള്‍ ഒരു വിളക്കിന് ഒരുലക്ഷം രൂപാവീതം അതാത് ജനപ്രതിനിധികള്‍ക്ക് നല്‍കുന്നുണ്ടത്രെ. കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിന് ഏജന്‍സി നല്‍കിയ ഓരോ ലക്ഷം രൂപ നെല്ലിക്കുന്ന് മുസ്ലീംലീഗ് പാര്‍ട്ടിക്ക് നല്‍കുകയായിരുന്നു. ഉണ്ണിത്താന് കിട്ടിയെന്ന് കരുതുന്ന കമ്മീഷന്‍ സ്വന്തം കീശയിലാക്കിയെന്നാണ് പെരിയ ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഒരുഘട്ടത്തില്‍ പെരിയ ബാലകൃഷ്ണനും രാജ്മോഹന്‍ ഉണ്ണിത്താനും ഈച്ചയും ചക്കരയും പോലെയായിരുന്നു. ഈ അവസരത്തില്‍ ഉണ്ണിത്താന്‍ എല്ലാ കാര്യങ്ങളും ബാലകൃഷ്ണനോട് മനസ്സുതുറന്ന് സംസാരിച്ചിരുന്നു. ഇതിലൂടെ ഉണ്ണിത്താന്‍റെ ഒട്ടേറെ രഹസ്യങ്ങള്‍ ബാലകൃഷ്ണനിലെത്തി. ഓരോ സംഭവങ്ങളും ബാലകൃഷ്ണന്‍ പുറത്തുവിട്ടുതുടങ്ങി. സംഭവം വിവാദമായതോടെ ആരോപണങ്ങളിലെ വസ്തുതകള്‍ ബഹുജന സംഘടനകള്‍ അന്വേഷിച്ച് നിജസ്ഥിതി മനസ്സിലാക്കിതുടങ്ങിയിട്ടുണ്ട്. ഇന്നലെ ഉണ്ണിത്താനെതിരെ യുവജനതാദള്‍ വാര്‍ത്താസമ്മേളനം നടത്തി. വൈകാതെ മറ്റ് യുവജനസംഘടനകളും പ്രക്ഷോഭരംഗത്തിറങ്ങുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇതിനിടയില്‍ കെ.പി.സി.സി ഓഫീസില്‍ നടന്ന ഒരു ഗൂഡാലോചനയുടെ ഭാഗമായാണ് തങ്ങളെ ടി.യു.രാധാകൃഷ്ണന്‍ എന്ന ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതെന്നും സസ്പെന്‍റ് ചെയ്യപ്പെട്ടവര്‍ അറിയിച്ചു. ടി.യു.രാധാകൃഷ്ണനും മറ്റൊരു കെ.പി.സി.സി സെക്രട്ടറി ജയന്തും അടക്കമുള്ളവരാണ് ഗൂഡാലോചനയില്‍ പങ്കെടുത്തതെന്നും സസ്പെന്‍ഷന്‍ നടപടി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ചോദ്യം ചെയ്തെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈസ്റ്റ് എളേരിയില്‍ ഒരുകൊല്ലമായി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത് സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടാണ്. അതിനെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാതെയാണ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹചടങ്ങില്‍ പങ്കെടുത്തതിന് നാലുപേരെ കെ.പി.സി.സി പുറത്താക്കിയത്. എന്നാല്‍ ഇതേ സല്‍ക്കാരത്തില്‍ പങ്കെടുത്ത മഹിളാ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടില്ല. കാരണം മഹിളകള്‍ 'ഉ' ഗ്രൂപ്പുകാരാണത്രെ.