പൂരം കുളിച്ച് ഭഗവതിമാര്‍ മാടം കയറി; അത്യുത്തര കേരളത്തില്‍ പൂരത്തിന് സമാപ്തി

നീലേശ്വരം: ഭഗവതിമാര്‍ പൂരംകുളിച്ച് മാടം കയറിയതോടെ അത്യുത്തര കേരളത്തില്‍ വസന്തോത്സവമായ പൂരത്തിന് സമാപ്തിയായി.

മീനത്തിലെ കാര്‍ത്തിക നാള്‍തൊട്ട് ആരംഭിച്ച പൂരോത്സവത്തിന് ക്ഷേത്രങ്ങളിലെ ബിംബങ്ങളും തിരുവായുധങ്ങളും കുളത്തിലോ പുഴയിലോ സ്നാനം ചെയ്യിച്ച് ശുദ്ധിവരുത്തുന്ന ചടങ്ങാണ് പൂരംകുളി. അത്യുത്തരകേരളത്തിലെ പുരാതന ക്ഷേത്രമായ മന്നംപുറത്ത് ഭഗവതിയും തളിയില്‍ നീലകണ്ഠേശ്വരനും കൂടികണ്ട് പിരിയുന്ന ചടങ്ങ് ഇന്ന് രാവിലെ നടന്നു. കോവിലകം ചിറയിലായിരുന്നു പൂരംകുളിപ്പിക്കല്‍ ചടങ്ങ് നടന്നത്. തുടര്‍ന്ന് ദേവീദേവന്മാരുടെ നഗരപ്രദക്ഷിണവും നടന്നു.മഹാദേവന്‍റെ മൂന്നാംകണ്ണിനാല്‍ ഭസ്മമായിപ്പോയ കാമദേവനം ജീവിപ്പിക്കാനായി രതീദേവി വിഷ്ണുദേവനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ പൂക്കള്‍കൊണ്ട് കാമദേവ രൂപമുണ്ടാക്കി പൂജിക്കാന്‍ ആവശ്യപ്പെട്ടതാണ് പൂരോത്സവമായി പരിണമിച്ചത്. കന്യകമാരായ പെണ്‍കുട്ടികളുടേതാണ് പൂരോത്സവം. കാര്‍ത്തികമുതല്‍ ഒമ്പത് ദിവസങ്ങളിലായി വിവിധ ചടങ്ങുകളോടെ കാമദേവനെ ആരാധിച്ചശേഷം തറവാടുകളിലും വീടുകളിലും പൂരക്കഞ്ഞിയുണ്ടാക്കി കാമന് വിളംമ്പുകയും പെണ്‍കുട്ടികള്‍ പൂരകഞ്ഞി പ്രസാദമായി കഴിക്കുകയും ചെയ്യുന്നു.

പൂരോത്സവത്തിന്‍റെ സമാപനത്തില്‍ കാമന്‍റെ രൂപത്തെയും അതുവരെ കാമന് അര്‍പ്പിച്ച പൂക്കളെല്ലാം ഒന്നിച്ചെടുത്ത് അഷ്ടമംഗല്ല്യത്തോടെ പാലുള്ള മരത്തിന്‍ ചുവട്ടില്‍ സമര്‍പ്പിച്ച് കുരവയിട്ട് ഇനിയത്തെകൊല്ലവും നേരത്തെകാലത്തെ വരണേ കാമാ എന്നുപറഞ്ഞ് കാമദേവനെ യാത്രയയക്കുന്നതാണ് പൂരോത്സവത്തിന്‍റെ സമാപന ചടങ്ങ്. ജില്ലയില്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂരോത്സവം ആഘോഷപൂര്‍വ്വം കൊണ്ടാടി. ഇതോടനുബന്ധിച്ച് പലയിടങ്ങളിലും പൂരക്കളിയും മറത്തുകളിയും ഉണ്ടായി.