ലോഡ്ജിലെ എംഡിഎംഎ വേട്ട: പ്രതികളെ മൂന്ന്ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: മഞ്ചേശ്വരത്തെ ലോഡ്ജില്‍ നിന്ന് 13.28 ഗ്രാം എംഡിഎംഎയും 7,22,070 രൂപയും പിടികൂടിയ കേസിലെ പ്രതികളെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കുഞ്ചത്തൂര്‍, മാടയിലെ ഖലീല്‍ മന്‍സിലില്‍ മുഹമ്മദ് അന്‍വര്‍ (36), ബെല്‍ത്തങ്ങാടി, കാളിയഗ്രാമം സ്വദേശി മുഹമ്മദ് മന്‍സൂര്‍ (29) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ ഇ. അനൂബ് കുമാറിന്‍റെ കസ്റ്റഡിയില്‍ വിട്ടത്. മാര്‍ച്ച് 20ന് രാവിലെ 10.50 മണിയോടെയാണ് ഇരുവരെയും ലോഡ്ജ് മുറിയില്‍ വെച്ച് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവരും മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട വിശദമായ വിവരം പോലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ ബെല്‍ത്തങ്ങാടി സ്വദേശി മുഹമ്മദ് മന്‍സൂറിന് അന്തര്‍ സംസ്ഥാന മയക്കുമരുന്നു കടത്തു സംഘവുമായി ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിച്ചിരുന്നു. പ്രമുഖരടക്കമുള്ള പലര്‍ക്കും സംഘം മയക്കുമരുന്നു എത്തിച്ചുകൊടുത്തിരുന്നതായും സംശയിക്കുന്നു. ലോഡ്ജ് മുറിയില്‍ നിന്ന് പിടികൂടിയ ഏഴു ലക്ഷത്തില്‍പ്പരം രൂപ മയക്കുമരുന്നു ഇടപാടിലൂടെ ലഭിച്ചതാണെന്നും സംശയിക്കുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.