കരിന്തളം: മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരത്തിനായി ആരംഭിച്ച കരിന്തളം-വയനാട് 400 കെ.വി ലൈന്‍ വലിക്കാനായി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ഇതുവരെയും ധാരണയുണ്ടാക്കാനായില്ല. മന്ത്രിയുടെ സാന്നിധ്യത്തില്‍ നാലാംതവണ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷകരും ജനപ്രതിനിധികളും തള്ളിക്കളഞ്ഞ വ്യവസ്ഥകള്‍ ഓണ്‍ലൈന്‍യോഗത്തിലും കെഎസ്ഇബി അധികൃതര്‍ ആവര്‍ത്തിച്ചതോടെ എംഎല്‍എമാരായ സണ്ണിജോസഫും സജീവ് ജോസഫും യോഗം ബഹിഷ്ക്കരിച്ചു. ഫെബ്രുവരി 16 ന് നടന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതലയോഗം വിളിക്കാമെന്ന തീരുമാനം നടപ്പിലാക്കത്തതിനെ എംഎല്‍എമാര്‍ വിമര്‍ശിച്ചു. മാത്രവുമല്ല സ്ഥലം ഉടമകളെ യോഗത്തില്‍ വിളിക്കാത്തതിലും എംഎല്‍എമാര്‍ പ്രതിഷേധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെങ്കിലും തീരുമാനം കൈക്കൊള്ളാന്‍ കഴിയുന്നില്ല. ഇതോടെ കരിന്തളം വയനാട് 400 കെവി ലൈന്‍ നിര്‍മ്മാണം നിലച്ചമട്ടാണ്. ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ രണ്ടിരട്ടിയുടെ 85 ശതമാനവും ലൈന്‍ കടന്നുപോകുന്ന വഴിയിലുള്ള സ്ഥലത്തിന് ന്യായവിലയുടെ രണ്ടിരട്ടിയുടെ 15 ശതമാനവും നല്‍കാമെന്നാണ് കെ എസ് ഇ ബി പറയുന്നത്. എന്നാല്‍ ന്യായവില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരം പോരെന്നും ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന വിപണിവില അനുവദിക്കണമെന്നുമാണ് സ്ഥലഉടമകളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. അതേസമയം കെഎസ്ഇബി നല്‍കുമെന്ന് അറിയിച്ച നഷ്ടപരിഹാരത്തിന് പുറമെ വരുന്നതുക സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ഫെബ്രുവരിയില്‍ നടന്ന യോഗത്തില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ യോഗം വിളിച്ച് ഉറപ്പുനല്‍കണമെന്നായിരുന്നു ജനപ്രതിനിധികളുടെ ആവശ്യം.