എറണാകുളം:അങ്കമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്.
ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ആലപ്പുഴ ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈഎസ്പി എംജി സാബുവും പോലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണ്. നാട്ടില്‍ അടുത്തിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ ആഗ് എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തുടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് തമ്മനം ഫൈസലിന്‍റെ വീട്ടിലും പോലീസ് പരിശോധനക്കെത്തിയത്. ഈ വീട് കുറച്ചുദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ പോലീസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഡിവൈഎസ്പിയും രണ്ട് പോലീസുകാരും ഒരു പോലീസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്.