കാസര്‍കോട്: മംഗലാപുരം ഉള്ളാള്‍ മദനി നഗറില്‍ വീടിന് മുകളില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ച ഉള്ളാള്‍ മുന്നൂര്‍ മദനി നഗറിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. റിഹാന മന്‍സിലിലെ യാസിര്‍ , ഭാര്യ മറിയുമ്മ , മക്കളായ റിഹാന, റിഫാന്‍ എന്നിവരാണ് മരിച്ചത്. അയല്‍വാസിയായ അബൂബക്കറിന്‍റെ വീടിന്‍റെ മതിലാണ് യാസിറിന്‍റെ ഓടുമേഞ്ഞ ചെറിയ വീടിന് മുകളിലേക്ക് വീണത്. രാത്രി പതിവുപോലെ ഭക്ഷണം കഴിഞ്ഞ് കുടുംബം ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രിയില്‍ ശക്തമായ മഴയില്‍ മതില്‍ ഇടിയുകയും ഇതിനോട് ചേര്‍ന്നുനിന്ന രണ്ട് മരങ്ങള്‍ വീടിന്‍റെ മുകളിലേക്ക് പതിക്കുകയുമായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കുവാനായത്. മൂന്ന് മൃതദേഹങ്ങള്‍ പ്രദേശവാസികളാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. അഗ്നിശമനസേന കൂടി പരിശ്രമിച്ചാണ് രണ്ട് മണിക്കൂറിന് ശേഷം നാലാമത്തെ മൃതദേഹം പുറത്തെടുത്തത്. കുടുംബനാഥനായ യാസിര്‍ മംഗലാപുരം ഹാര്‍ബറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നയാളാണ്. റിഹാനയും റിഫാനും വിദ്യാര്‍ഥികളാണ്.
മൂത്ത മകളായ റശീനയെ കേരളത്തിലേക്കാണ് വിവാഹം കഴിച്ചയച്ചത്. ബലിപെരുന്നാളിന് റശീന സ്വന്തം വീട്ടിലേക്ക് വന്നിരുന്നുവെങ്കിലും ഇന്നലെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങിയിരുന്നു. നേരത്തെയും ഇതേ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണിരുന്നു.
അന്ന് ആളപായമൊന്നും സംഭവിച്ചില്ല. ആറു വര്‍ഷം മുമ്പാണ് കുടുംബം വീടും സ്ഥലവും വിലയ്ക്ക് വാങ്ങി കുടുംബം താമസം തുട ങ്ങിയത്. ഒരു വര്‍ഷം വീട് വാടകയ്ക്ക് നല്‍കിയിരുന്നു. ആറുമാസം മുമ്പാണ് ഇവിടെ വീണ്ടും താമസം തുടങ്ങിയത്. ഇതിനിടെയാണ് അപടകടത്തിന്‍റെ രൂപത്തില്‍ കൂട്ടമരണമെത്തിയത്.