കാസര്‍കോട്: കണ്ണൂര്‍, കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാസര്‍കോട്, വിദ്യാനഗര്‍, ആലംപാടി മിനി എസ്റ്റേറ്റിന് സമീപത്തെ മൊയ്തീന്‍ ഫാസില്‍ (19), കല്ലക്കട്ട, പട്ള ഹൗസിലെ മുഹമ്മദ് മുസ്തഫ (19), വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു 17 കാരന്‍ എന്നിവരെയാണ് കണ്ണപുരം എസ് ഐ കെ.രാജീവന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിദ്യാനഗര്‍ പോലീസിന്‍റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. സംഘത്തിനെതിരെ നീലേശ്വരത്തും കേസുള്ളതായി സംശയിക്കുന്നുവെന്നു പോലീസ് പറഞ്ഞു.
ചെറുകുന്ന്, ഇട്ടമ്മലിലെ ഹസീബിന്‍റെ ബൈക്ക് മോഷ്ടിച്ചതിനാണ് കേസ്. ജനുവരി 11 ന് കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് നിര്‍ത്തി മലപ്പുറത്തേക്ക് പോയതായിരുന്നു ഹസീബ്. 13ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായ വിവരം അറിഞ്ഞത്. ഉടന്‍ കണ്ണപുരം പോലീസില്‍ പരാതി നല്‍കി. പോലീസ് റെയില്‍വേ സ്റ്റേഷനിലെത്തി സിസിടിവി ക്യാമറകളിലെ ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ലഭിച്ചത്. ദൃശ്യങ്ങളോടൊപ്പം കാസര്‍കോടന്‍ ശൈലിയില്‍ സംസാരിക്കുന്ന മൂന്നുപേരുടെ ശബ്ദവും ലഭിച്ചതാണ് പ്രതികളെ കണ്ടെത്താന്‍ നിര്‍ണായകമായതെന്ന് പോലീസ് പറഞ്ഞു.