പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് സിപിഎം ഓഫീസ് അക്രമിച്ച് തകര്‍ക്കുകയും പതാകകളും തിരഞ്ഞെടുപ്പ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഇന്നുപുലര്‍ച്ചെ മല്ലിയോട്ട് ക്ഷേത്രോത്സവം കഴിഞ്ഞ് തിരിച്ചുപോകുന്നവരാണ് ഓഫീസ് തകര്‍ത്തത് ആദ്യം കണ്ടത്. നേതാക്കളേയും പോലീസിനെയും വിവരം അറിയിച്ചു. കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ സിപിഎം ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിര വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ ഓഫീസിനകത്തെ കസേരകളുള്‍പ്പെടെയുള്ളവ അടിച്ചുതകര്‍ത്തു. സിപിഎമ്മിന്‍റേയും ഡിവൈഎഫ്ഐയുടേയും പതാകകള്‍ കീറി നശിപ്പിച്ചു. ഓഫീസിനകത്തും പുറത്തുമുണ്ടായിരുന്ന എല്‍ഡിഎഫ് കാസര്‍കോട് പാര്‍ലിമെന്‍റ് മണ്ഡലം സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തയ്യാറാക്കിയിരുന്ന ഫ്ളക്സ് ബോര്‍ഡുകളുള്‍പ്പെടെ അക്രമികള്‍ നശിപ്പിച്ചു.
കൊടിമരത്തിലെ പതാകയും നശിപ്പിച്ചിട്ടുണ്ട്. ഫ്ളക്സ് ബോര്‍ഡുകളില്‍നിന്നും സ്ഥാനാര്‍ഥിയുടെ തല വെട്ടിമാറ്റിയ നിലയിലായിരുന്നു. തീരദേശ റോഡ്, എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രം, ഏഴിലോട്, എടാട്ട്പറമ്പത്ത് തുടങ്ങിയ പ്രദേശങ്ങളിലെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ച നിലയിലാണ്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ച് അന്വേഷണം തുടങ്ങി. പയ്യന്നൂര്‍ എംഎല്‍എ ടി.ഐ.മധുസൂദനന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി. സിപിഎം ഓഫീസ് അക്രമിച്ചതിലും എല്‍ഡിഎഫ് പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചതിലും പ്രതിഷേധിച്ച് കുഞ്ഞിമംഗലത്ത് പ്രതിഷേധ പ്രകടനം നടന്നു.