പെരിയ ഇരട്ടക്കൊല: സാക്ഷി വിസ്താരം ഇന്ന് പൂര്‍ത്തിയാകും

കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊച്ചി സിബിഐ കോടതിയില്‍ നടക്കുന്ന സാക്ഷി വിസ്താരം ഇന്ന് പൂര്‍ത്തിയാകും. 2019 ഫെബ്രുവരി 17 ന് രാത്രി ഏഴരയോടെ കല്യോട്ട്-കുരാങ്കര റോഡില്‍വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും രാഷ്ട്രീയവിരോധത്താല്‍ മൃഗീയമായി ആക്രമിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്.

സിപിഎം നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 24 പേര്‍ പ്രതികളായ കേസില്‍ ആകെ 327 സാക്ഷികളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2 നാണ് കൊച്ചി സിബിഐ കോടതിയില്‍ കേസിന്‍റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രധാന സാക്ഷികളുള്‍പ്പെടെ 160 പേരുടെ വിസ്താരമാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. കേസില്‍ ആദ്യം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.എം. പ്രദീപ്, തുടര്‍ന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ സിബിഐ ഡിവൈഎസ്പി എസ്.അനന്തകൃഷ്ണന്‍ എന്നിവരെയാണ് ഒടുവില്‍ വിസ്തരിച്ചത്. അനന്തകൃഷ്ണന്‍റെ വിസ്താരം ഇന്നും തുടരും.

കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ.പീതാംബരന്‍ ഉള്‍പ്പെടെയുള്ള 11 പ്രതികള്‍ 5 വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇപ്പോള്‍ വിയ്യൂര്‍ ജയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സിബിഐ അറസ്റ്റു ചെയ്ത പ്രതികളില്‍ 5 പേര്‍ 2 വര്‍ഷമായി കാക്കനാട് ജില്ലാ ജയിലിലാണ്. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.മണികണ്ഠന്‍, സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 8 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയതും ഇതിനായി അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടിയിലേറെ രൂപ ചെലവിട്ടതും വിവാദത്തിന് കാരണമായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായിരുന്ന ടി.ആസഫ് അലിയാണ് സിബിഐ അന്വേഷണത്തിനായി കുടുംബത്തോടൊപ്പം നിയമപോരാട്ടം നടത്തിയത്. കേസില്‍ ബോബി ജോസഫ്, കെ പത്മനാഭന്‍ എന്നിവരാണ് പ്രോസിക്യുഷനുവേണ്ടി ഹാജരാകുന്നത്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട കാസര്‍കോട് ഡിസിസി മുന്‍ പ്രസിഡന്‍റും കെപിസിസി വൈസ് പ്രസിഡന്‍റുമായിരുന്ന സി.കെ.ശ്രീധരനുള്‍പ്പെടെയുള്ള അഭിഭാഷകരാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരാകുന്നത്.