കാഞ്ഞങ്ങാട്ട് അധികാര തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ്, പിടിച്ചെടുക്കാന്‍ യുഡിഎഫ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ മൂന്നാമതും അധികാരത്തിലെത്താനുള്ള തീവ്ര പ്രയത്നത്തിലാണ് ഇടതുപക്ഷം. 2015 ല്‍ വി.വി.രമേശനിലൂടെയാണ് എല്‍ഡിഎഫ് വീണ്ടും അധികാരം പിടിച്ചെടുത്തത്. പിന്നീട് 2020ല്‍ ഭരണ തുടര്‍ച്ചയിലൂടെ കെ.വി.സുജാത ചെയര്‍പേഴ്സണായി. ഇത്തവണ അധികാരം നിലനിര്‍ത്താന്‍ ഇടതുപക്ഷം വി.വി.രമേശനെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ്. കാഞ്ഞങ്ങാട് നഗരസഭയുടെ പ്രഥമ ഭരണം യുഡിഎഫിനായിരുന്നു. 1988 ല്‍ 28 ല്‍ 18 സീറ്റ് നേടിയാണ് യുഡിഎഫിലെ കെ.എം.ഷംസുദ്ദീന്‍ കാഞ്ഞങ്ങാടിന്‍റെ പ്രഥമ ചെയര്‍മാനായത്. രണ്ടാമത് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വി.ഗോപിയും അധികാരത്തില്‍ വന്നു. എന്നാല്‍ ഗോപിയെ അവിശ്വാസത്തില്‍ പുറത്താക്കിയതോടെ എല്‍ഡിഎഫ് സ്വതന്ത്രനായ കെ.വേണുഗോപാലന്‍ നായര്‍ ചെയര്‍മാനായി. ആറ് മാസത്തിനുശേഷം ഇദ്ദേഹം രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഡോ.വി.ഗംഗാധരനാണ് ചെയര്‍മാനായത്. 2000 ത്തില്‍ വീണ്ടും യുഡിഎഫിലെ ഷെരീഫ ഇബ്രാഹിം ചെയര്‍മാനായി. ഇങ്ങനെ പിന്നീട് മാറി മാറി അധികാരം പങ്കിട്ടെങ്കിലും 2015 ല്‍ വി.വി.രമേശന്‍ അധികാരമേറ്റതോടെ ഇടത് ഭരണം തുടരുകയാണ്.

നഗരസഭാ ഭരണം ഇനി തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടി നില മെച്ചപ്പെടുത്തുകയാണ് എന്‍.ഡി. എ ലക്ഷ്യം. കഴിഞ്ഞ തവണ 43 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 24 വാര്‍ഡുകളില്‍ ജയിച്ചാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. (സിപിഎം-19. ഐ.എന്‍. എല്‍-3, സി പിഐ-1, ആര്‍ജെഡി-1) 13 സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. ഇതില്‍ മുസ്ലിം ലീഗിന് 11 ഉം കോണ്‍ഗ്രസിന് 2 സീറ്റും ലഭിച്ചു. ബിജെപി 6 സീറ്റാണ് നേടിയത്. നിലവില്‍ വാര്‍ഡ് പുനര്‍വിഭജനത്തോടെ 3 വാര്‍ഡുകള്‍ വര്‍ദ്ധിച്ച് ഇപ്പോള്‍ 47 വാര്‍ഡുകളാണുള്ളത്. ഇടതുമുന്നണിയില്‍ സിപിഎം 35 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതില്‍ സ്വതന്ത്രരായി മത്സരിക്കുന്നവരുമുണ്ട്. ഐഎന്‍എല്‍ 5 സീറ്റിലും ആര്‍ജെഡി, ജെഡി എസ്, എന്‍സിപി (എസ്), കേരള കോണ്‍ഗ്രസ് (എസ്) എന്നിവ ഓരോ സീറ്റുകളിലും കേരള കോണ്‍ഗ്രസ് (എം) 2 സീറ്റിലും മത്സരിക്കുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസ് 29 സീറ്റിലും മുസ്ലിം ലീഗ് 17 സീറ്റിലും, സിഎംപി 1 സീറ്റിലും മത്സരിക്കുന്നു. 33 സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപി 17 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല 2 സ്വതന്ത്രരുമുണ്ട്. തീര്‍ഥങ്കര വാര്‍ഡിലും മുനിസിപ്പല്‍ ഓഫിസ് വാര്‍ഡിലും യുഡിഎഫിന് റിബല്‍ സ്ഥാനാര്‍ഥി കള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ പ്രതിക പിന്‍വലിച്ചതോടെ യുഡിഎഫില്‍ റിബല്‍ ഭീഷണി ഒഴിവായി. സിപിഎമ്മിന് വാര്‍ഡ് 21 ലും 23 ലും വിമത ഭീഷണിയുണ്ട്.