ഗ്യാസ് പൈപ്പ് ലൈന്‍ വലിക്കാന്‍ കിളച്ചിടുന്ന റോഡുകള്‍ നന്നാക്കുന്നില്ല

കാഞ്ഞങ്ങാട്: വീടുകളിലേക്ക് ഗ്യാസ് കണക്ഷന്‍ നല്‍കാനായി റോഡ് കിളച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ കിളച്ചിട്ട റോഡുകള്‍ ശരിയായി മൂടി ടാര്‍ ചെയ്യാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. അദാനി ഗ്രൂപ്പിനാണ് കാഞ്ഞങ്ങാട് മേഖലയില്‍ വീടുകളിലേക്ക് പൈപ്പ് ലൈന്‍ വഴി ഗ്യാസ് കണക്ഷന്‍ നല്‍കാനുള്ള അവകാശം ലഭിച്ചത്. ഇതിനായി അദാനി കമ്പനി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചുകഴിഞ്ഞു. മിക്കസ്ഥലങ്ങളിലും റോഡ് കിളച്ചാണ് വീടുകളിലേക്ക് പൈപ്പ് ലൈന്‍ വലിക്കുന്നത്. എന്നാല്‍ പൈപ്പിട്ട ശേഷം റോഡ് പൂര്‍വ്വസ്ഥിതിയിലാക്കാതെ മണ്ണിട്ട് മൂടി സ്ഥലം വിടുകയാണ് ചെയ്യുന്നത്. ഇത് വലിയ കുഴികള്‍ രൂപപ്പെട്ട് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പെടാനും കാരണമാവുന്നു. ഇത്തരം ആവശ്യങ്ങള്‍ക്ക് പൊതുറോഡ് വെട്ടിപൊളിച്ചാല്‍ ടാറിട്ട് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നാണ് കരാര്‍. എന്നാല്‍ ഇതിന് ആരും മുതിരുന്നില്ല. തദ്ദേശസ്ഥാപനങ്ങളോ പൊതുമരാമത്ത് വകുപ്പോ കിളച്ചിട്ട റോഡ് ടാര്‍ ചെയ്ത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ആവശ്യപ്പെടുന്നുമില്ല. ഇതുകാരണം ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണ്.