വിദ്യാര്‍ത്ഥികളിലെ സോഷ്യല്‍മീഡിയ ആസക്തി തടയാന്‍ നിയമം

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കിടയിലെ സോഷ്യല്‍ മീഡിയ ആസക്തി തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകിയുടെ നേതൃത്വത്തില്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണം ഈ മാസം തന്നെ പൂര്‍ത്തിയാക്കും. ഫെബ്രുവരി 13ന് പട്ടം സെന്‍റ് മേരീസ് സ്കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. 15 വര്‍ഷത്തിന് ശേഷം പ്ലസ് വണ്‍ പാഠപുസ്തകങ്ങളില്‍ സമഗ്രമായ പരിഷ്കരണം വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സ ര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടും സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള യൂണിഫോം വിതരണം മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി.