കരിന്തളം: ഇന്ന് പണിയും നാളെ പൊളിക്കും ഇത് കരിന്തളത്തിന്റെ വികസന മാതൃക. സര്‍ക്കാര്‍ ഫണ്ട് എങ്ങനെയെല്ലാം ചിലവഴിച്ചു തീര്‍ക്കാം എന്നതില്‍ ഗവേഷണം നടത്തുകയാണ് ഇവിടുത്തെ ഭരണാധികാരികള്‍. കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ നിര്‍മ്മാണ പ്രവര്‍ത്തനത്തെ ചൊല്ലി പ്രദേശത്ത് വ്യാപക പ്രതിഷേധവും ചര്‍ച്ചയും ഉയര്‍ന്നിരിക്കുകയാണ്. രണ്ട് മാസം മുമ്പ് മാത്രമാണ് ആശുപത്രി നവീകരണത്തിന്റെ ഭാഗമായി പൊതുഖജനാവില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് ആശുപത്രി കോമ്പൗണ്ടിനുള്ളിലെ വിശാലമായ ഭാഗത്ത് ഇന്റര്‍ലോക്ക് പാകി പാര്‍ക്കിങ് സൗകര്യം ഉള്‍പ്പെടെ ഒരുക്കിയത്. എന്നാല്‍ അതേ ഭാഗത്തെ ഇന്റര്‍ലോക്ക് പൂര്‍ണമായും പിഴുതുമാറ്റി ഇപ്പോള്‍ എന്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് ഹെല്‍ത്ത് സബ് സെന്റര്‍ നിര്‍മ്മാണം ആരംഭിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തീരുമാനിച്ച ആശുപത്രി നവീകരണ പദ്ധതിയുടെ ഭാഗമായാണ് പാര്‍ക്കിങ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്റര്‍ലോക്ക് പാകിയതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പണി പൂര്‍ത്തിയായത് രണ്ടുമാസം മുമ്പാണെന്ന് നാട്ടുകാര്‍ പറയുന്നു. അധികനാള്‍ കഴിയുന്നതിന് മുമ്പ് തന്നെ അതേഭാഗം വീണ്ടും പൊളിച്ചുമാറ്റി മറ്റൊരു പദ്ധതിക്കായി ഉപയോഗിക്കുന്നതില്‍ പൊതുപണത്തിന്റെ വിനിയോഗത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. 'വികസനം എന്ന പേരില്‍ പണിതത് പൊളിക്കുകയും വീണ്ടും പണിയുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നടക്കുന്നത്' എന്നാണ് പ്രദേശവാസികളുടെ ആരോപണം. ആശുപത്രിയുടെ പിന്‍വശത്ത് ആവശ്യത്തിന് സ്ഥലം ലഭ്യമായിരിക്കെ പാര്‍ക്കിങ് ആവശ്യങ്ങള്‍ക്കായി ഒരുക്കിയ ഭാഗത്ത് തന്നെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് യുക്തിരഹിതമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ദിവസേന 200 ലധികം രോഗികള്‍ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയില്‍ നിലവിലുള്ള പാര്‍ക്കിങ് സൗകര്യം തന്നെ പരിമിതമാണെന്ന് നാട്ടുകാര്‍ പറയുന്നു. പുതിയ കെട്ടിടം ഈ സ്ഥലത്ത് ഉയര്‍ന്നാല്‍ ആശുപത്രിയുടെ പിന്‍ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെടുമെന്നും പാര്‍ക്കിങ് സൗകര്യം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും ആശങ്ക ഉയരുന്നു. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമെന്നും അത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സ്ഥലത്ത് സബ് സെന്റര്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. പൊതുപണം ചെലവഴിച്ചുള്ള പ്രവൃത്തികള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പൊളിച്ചുമാറ്റേണ്ട സാഹചര്യം എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ച് വിശദീകരണം വേണമെന്നാണ് അവരുടെ ആവശ്യം. നാളെ വേറൊരു ഫണ്ട് കിട്ടിയാല്‍ ഇതും പൊളിച്ചു മാറ്റില്ലേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അതേസമയം, വിഷയം ഇന്ന് നടക്കുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലും പ്രധാന ചര്‍ച്ചാവിഷയമാകുമെന്നാണ് സൂചന. ആശുപത്രി വികസനത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതാണോ, അതോ പൊതുപണത്തിന്റെ കാര്യക്ഷമമായ വിനിയോഗത്തെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണോ എന്നതാണ് ഇപ്പോള്‍ കരിന്തളത്ത് ഉയരുന്ന പ്രധാന ചര്‍ച്ച. ഇതെല്ലാം നടക്കുന്നത് ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ എന്നതാണ് ഏറെ വിരോധാഭാസം.