അപകടാവസ്ഥയിലായ വീടിന്‍റെ ചുവരിടിഞ്ഞുവീണു, ഇനിയും ആശങ്ക

നീലേശ്വരം: നീലേശ്വരം നഗരമധ്യത്തില്‍ വഴിയരികില്‍ അപകടഭീഷണിയിലായിരുന്ന പഴയ തറവാട് വീടിന്‍റെ ഒരുഭാഗം ചുമര്‍ ഇടിഞ്ഞുവീണു. തെരുവ് റോഡില്‍ നിന്നും തേര്‍വയലിലേക്കുള്ള ഇടവഴിയരികിലെ ആള്‍താമസമില്ലാത്ത പഴയ തറവാട് വീടിന്‍റെ ചുവരിന്‍റെ ഒരുഭാഗമാണ് ഇന്നലെ രാത്രി ഇടിഞ്ഞ് വീണത്. ഈ വീട് അപകടഭീഷണി ഉയര്‍ത്തുന്നതായി ഇന്നലെ ജന്മദേശം വാര്‍ത്ത നല്‍കിയിരുന്നു. രാജാസ് ഹയര്‍സെക്കണ്ടറി സ്കൂള്‍, തെരുവത്ത് അംഗണ്‍വാടി എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളും രാജാറോഡിലേക്കുള്ള എളുപ്പവഴിയായി നാട്ടുകാരും ഉപയോഗിക്കുന്ന വഴിയരികിലാണ് അപകടഭീഷണിയുയര്‍ത്തുന്ന കെട്ടിടമുള്ളത്. ഇതിന്‍റെ ബാക്കിഭാഗവും ഉടന്‍ ഇടിഞ്ഞ് വീഴാന്‍ പാകത്തിലാണുള്ളത്. ഇക്കാര്യത്തില്‍ നഗരസഭയോ കെട്ടിട ഉടമകളോ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒരു വന്‍ ദുരന്തത്തിന് വഴിവെച്ചേക്കുമെന്നാണ് ആശങ്ക.