കാഞ്ഞങ്ങാട്: രാജ്യത്ത് ഇന്ന് അധ്യാപകദിനം ആചരിക്കുകയാണ്. 1961 മുതല്‍ ഇന്ത്യയില്‍ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്‍റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്‍റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചര്‍ച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്ക് നല്‍കപ്പെടുന്ന ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും പ്രഖ്യാപനം നടത്തുന്നതും അദ്ധ്യാപകദിനത്തിലാണ്.
കാഞ്ഞങ്ങാട് വൈ എം സി എ അധ്യാപകദിനാഘോഷത്തിന്‍റെ ഭാഗമായി നാല് അധ്യാപകരെ അവരവരുടെ വീടുകളിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ പടന്നക്കാട് ഞാണിക്കടവിലെ ജെ.കെ.കൃഷ്ണന്‍മാസ്റ്റര്‍, റിട്ടയേര്‍ഡ് അധ്യാപകന്‍ കാഞ്ഞങ്ങാട് സൗത്തിലെ ആര്‍.അസീസ്, റിട്ടയേര്‍ഡ് അധ്യാപക ദമ്പതികളായ പുതിയകണ്ടത്തെ മാടക്കാട്ട് ജോസഫ് മാസ്റ്റര്‍, ഭാര്യ റോസമ്മ ടീച്ചര്‍ എന്നിവരെയാണ് ആദരിച്ചത്. കാഞ്ഞങ്ങാട് വൈ എം സി എ പ്രസിഡണ്ട് സി.എ.പീറ്റര്‍, സെക്രട്ടറി പി.രാരിച്ചന്‍, വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ കൊറ്റത്തില്‍, സാജു തോമസ്, മാനുവല്‍ കുറിച്ചിത്താനം എന്നിവര്‍ നേതൃത്വം നല്‍കി.