ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറിന്‍റെയും വാസുവിന്‍റെയും സ്വത്തുക്കള്‍ കണ്ടുകെട്ടും

ശബരിമല: ശബരിമല സ്വര്‍ണ്ണക്കടത്തുകേസ് പ്രതിയായ എ.പത്മകുമാറിന്‍റേയും എന്‍. വാസുവിന്‍റേയും അടക്കം സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം മൂന്ന് സംസ്ഥാനങ്ങളില്‍ പലയിടങ്ങളിലായി ഇ.ഡി വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസത്തെ റെയ്ഡിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ്, ഗോവര്‍ദ്ധന്‍, എ. പദ്മകുമാര്‍, എന്‍.വാസു തുടങ്ങിയവരുമായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എന്‍. വാസു, പദ്മകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ സ്വത്തുവിവരങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. വസ്തുവകകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ ഇ.ഡി. ശേഖരിച്ചു. വൈകാതെ തന്നെ താത്കാലിക കണ്ടുകെട്ടല്‍ നടപടികളിലേക്ക് ഇ.ഡി. കടക്കുമെന്നാണ് വിവരം.ആദ്യ ഘട്ട റെയ്ഡ് ഇതിനകം പൂര്‍ത്തിയായി. സ്പോണ്‍സര്‍ഷിപ്പ് ക്രമക്കേട് വന്‍തോതില്‍ ശബരിമലയില്‍ നടന്നിട്ടുണ്ടെന്നാണ് റെയ്ഡില്‍ ഇ.ഡി.യ്ക്ക് വ്യക്തമായത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സര്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. പലരേയും കൊണ്ടു വരികയും സംഭാവന സ്വീകരിക്കുകയും ചില ജോലികള്‍ ചെയ്യിക്കുകയും ഇതില്‍ നിന്നടക്കം ഇവര്‍ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്തു എന്നാണ് ഇ.ഡി. നിഗമനം. കഴിഞ്ഞദിവസം നടന്ന റെയ്ഡില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ശബരിമലയില്‍ എത്തിയ ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സാമ്പത്തികമായി വന്‍തോതില്‍ ധനസമ്പാദനം നടത്തിയതെന്ന് ഇ.ഡി. യ്ക്ക് ബോധ്യമായിട്ടുണ്ട്. ഇത് കള്ളപ്പണത്തിന്‍റെ കീഴില്‍ വരുമെന്നാണ് ഇ.ഡി. പറയുന്നത്. അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയില്‍ വിശദീകരണവുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തുവന്നു. 2017ലാണ് പോറ്റിയുടെ വീട്ടില്‍ പോയതെന്നും അത് ഒരു കുട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നെന്നും മന്ത്രി വിശദീകരിച്ചു. ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്ക് പോറ്റിയുമായുള്ള ബന്ധം അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുണ്ടെന്നും ശബരിമല സ്വാമിയുടെ ഭക്തന്‍ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.