കോടികള്‍ മുടക്കി നവീകരിച്ച മലയോര റോഡുകള്‍ തകരുന്നു

പരപ്പ : കോടികള്‍ മുടക്കി വികസിപ്പിച്ച മലയോരത്തെ മിക്കറോഡുകളും തകര്‍ന്ന് ഗതാഗതം താറുമാറാകുന്നു. ഓവുചാലില്ലാത്തതും വശങ്ങളിലെ നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കാത്തതുമാണ് റോഡുകള്‍ തകരാന്‍ കാരണം. ഇരുവശങ്ങളിലും കാടുമൂടിയതും വെള്ളക്കെട്ടുകളും അപകടങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നു. പരപ്പ മാലോംറോഡിലും ഒടയന്‍ചാല്‍ ചെറുപുഴ റോഡിലും പലയിടത്തും റോഡ് തകര്‍ച്ചയിലാണ്. വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകപോകാമെങ്കിലും വശങ്ങളില്‍ വേണ്ട സുരക്ഷിതത്വമില്ല. ഓവുചാലുകള്‍ മൂടിയ നിലയിലണ്. വളവുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് വഹനങ്ങള്‍ക്ക് ഭീഷണിയായി. കഴിഞ്ഞദിവസം ഭീമനടി വനത്തിലൂടെയുള്ള റോഡിലെ വളവില്‍ ബസുകള്‍ കൂട്ടിയിടിക്കാന്‍ കാരണമായത് വളവിലെ വെള്ളക്കെട്ടാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് കൈയേറി ഓവുചാല്‍ നികത്തി നടത്തുന്ന നിര്‍മ്മാണങ്ങള്‍ യാത്രാതടസ്സത്തിന് കാരണമാകുന്നു. വെള്ളരിക്കുണ്ടിനും കൊന്നക്കാടിനുമിടയില്‍ പലഭാഗത്തും ഇതേപ്രശ്നമുണ്ട്. വെള്ളരിക്കുണ്ടിനും എടത്തോടിനുമിടയില്‍ പല ഭാഗത്തും റോഡുവക്കില്‍ ടാറിങ്ങിനോട് ചേര്‍ന്ന് മണ്‍കൂനകളും മണ്‍തിട്ടകളും പ്രത്യക്ഷപെട്ടിട്ടുണ്ട്. ഇത് കാരണം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനാകാത്തതിനാല്‍ കാല്‍നടയാത്രക്കാരും വിഷമിക്കുന്നു. ഓവുചാലുകള്‍ കാട് മൂടിയതിനാല്‍ ഒഴുകിവരുന്ന വെള്ളം റോഡിലൂടെ നിരന്നൊഴുകുന്നതും തകര്‍ച്ചയ്ക്ക് മറ്റൊരു കാരണമാണ്. മിക്കസഥത്തും ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. റോഡിലുടെ കവിഞ്ഞൊഴുകുന്ന വെള്ളം വീടുകള്‍ക്കും കൃഷികള്‍ക്കും നാശമുണ്ടാക്കുന്നതായും പരാതിയുണ്ട്.