സ്വത്ത് കയ്യേറ്റം: സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പ്രവാസി ഹൈക്കോടതിയില്‍

ചീമേനി: തന്‍റെ പിതാവിന്‍റെ പേരിലുള്ള അരക്കോടിയോളം രൂപ വിലമതിക്കുന്ന മൂന്ന് സെന്‍റ് സ്ഥലം മാര്‍ക്സിസ്റ്റ് പാര്‍ട്ടി കയ്യേറിയെന്നാരോപിച്ച് പ്രവാസിയായ യുവാവ് കേരള ഹൈക്കോടതിയില്‍ ഹരജിഫയല്‍ ചെയ്തു. ചീമേനി ടൗണില്‍ 260/1അ1അ1 സര്‍വ്വേ നമ്പറിലുള്ള മൂന്ന് സെന്‍റ് സ്ഥലം കയ്യേറിയെന്നാരോപിച്ച് പയ്യന്നൂര്‍ കാനായി പൂവപ്പള്ളി ഹൗസില്‍ പരേതനായ ബാലകൃഷ്ണന്‍റെ മകന്‍ വി.മജീഷാണ് സിപിഎം ചീമേനി ലോക്കല്‍ സെക്രട്ടറിയേയും കാസര്‍കോട് ജില്ലാ കളക്ടര്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍, ചീമേനി വില്ലേജ് ഓഫീസര്‍ എന്നിവരേയും എതിര്‍കക്ഷികളാക്കി കേരള ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ബാലകൃഷ്ണന്‍റെ പേരില്‍ ചീമേനി ടൗണില്‍ പോലീസ് സ്റ്റേഷന് എതിര്‍വശം 13 സെന്‍റ് സ്ഥലമുണ്ടായിരുന്നു. ഇതില്‍ 10 സെന്‍റ് 1990 ല്‍ പുതിയവീട്ടില്‍ മാധവന്‍ എന്നയാള്‍ക്ക് വില്‍പ്പന നടത്തി. 3 സെന്‍റില്‍ പീടിക മുറികള്‍ നിര്‍മ്മിക്കാനാണ് 10 സെന്‍റ് വിറ്റശേഷം മൂന്ന് സെന്‍റ് സ്ഥലം മാറ്റിവെച്ചത്. ഇതിനിടയില്‍ ബാലകൃഷ്ണന്‍ മരണപ്പെട്ടു. തുടര്‍ന്നുള്ള കാലങ്ങളില്‍ മൂന്ന് സെന്‍റ് ഭൂമിക്ക് നികുതി അടച്ചില്ല. ഏതാനും മാസം മുമ്പ് നികുതി അടക്കാന്‍ ബാലകൃഷ്ണന്‍റെ ബന്ധുക്കള്‍ വില്ലേജ് ഓഫീസില്‍ പോയെങ്കിലും വില്ലേജ് ഓഫീസര്‍ നികുതി സ്വീകരിച്ചില്ല. അങ്ങനെയൊരു സ്ഥലം ഇല്ലെന്ന് പറഞ്ഞാണ് ബന്ധുക്കളെ മടക്കി അയച്ചത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ജില്ലാ കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കി. പക്ഷേ ഫലമുണ്ടായില്ല. ഇതിന് ശേഷമാണ് മജീഷ് ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ ബാലകൃഷ്ണന്‍റെ അവകാശികള്‍ക്ക് മൂന്ന് സെന്‍റ് സ്ഥലം അളന്ന് തിരിച്ച് നല്‍കി നികുതി സ്വീകരിക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് ബാലകൃഷ്ണന്‍റെ ബന്ധുക്കള്‍ ആധാരവുമായി തഹസില്‍ദാരേയും വില്ലേജ് ഓഫീസറേയും സമീപിച്ചു. ഭൂമി സിപിഎമ്മിന്‍റെ കൈവശമാണെന്നാണ് ഇതിന് തഹസില്‍ദാര്‍ നല്‍കിയ മറുപടി. കൂടാതെ ഒരു സൗജന്യ ഉപദേശവും തഹസില്‍ദാര്‍ നല്‍കി. നിങ്ങള്‍ സിവില്‍ കോടതിയെ സമീപിക്കണമെന്നായിരുന്നു ഉപദേശം. പിന്നാലെ വീണ്ടും മജീഷ് കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. കേസ് ഡിസംബര്‍ 6 ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരും. ബാലകൃഷ്ണനില്‍ നിന്നും പുതിയ വീട്ടില്‍ മാധവന്‍ വാങ്ങിയ 10 സെന്‍റ് സ്ഥലം മാധവന്‍ സിപിഎമ്മിനാണ് വിറ്റത്. സിപിഎം പ്രസ്തുത സ്ഥലം മറ്റൊരാള്‍ക്ക് കാര്‍ഷിക നഴ്സറി നടത്താന്‍ ലീസിന് നല്‍കി. 13 സെന്‍റാണ് ലീസിന് നല്‍കിയത്. ബാലകൃഷ്ണന്‍റെ മൂന്ന് സെന്‍റ് ഭൂമിയും ഇതില്‍ ഉള്‍പ്പെട്ടുവെന്നാണ് മകന്‍ മജീഷ് കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്.