കാറില്‍ കടത്തിയ മയക്കുമരുന്ന് പിടികൂടി, പ്രതികള്‍ പോലീസിനെ അക്രമിച്ചു

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയും ഇ സിഗരറ്റും പാന്‍ മസാലയും 19,360 രൂപയുമായി രണ്ടുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റുചെയ്തു. ഇവരെ അറസ്റ്റുചെയ്യാനുള്ള ശ്രമത്തിനിടയില്‍ പോലീസിനുനേരെ അക്രമം നടത്തുകയും ചെയ്തു. നെക്രാജെ, ചര്‍ളടുക്കം, റിഫ മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (38), ചട്ടഞ്ചാല്‍, കുന്നാറയിലെ പി.ഹാരിസ്(42) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ.ജിജീഷ്, എസ്.ഐമാരായ കെ.ആര്‍.ഉമേശ്, വൈഷ്ണവ് രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.30 മണിക്ക് തലപ്പാടിയിലാണ് സംഭവം. തലപ്പാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം. ഈ സമയത്ത് എത്തിയ കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് 3.21 ഗ്രാം എം.ഡി എം.എ, 12 പാന്‍ മസാല, ഇ സിഗരറ്റ്, 19, 360 രൂപ എന്നിവ പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നതിനിടയില്‍ പ്രതികള്‍ അക്രമാസക്തരാവുകയും പോലീസിന്‍റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി സിവില്‍ പോലീസ് ഓഫീസര്‍ സജീഷിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. മയക്കുമരുന്ന് കേസിന് പുറമെ പോലീസിന്‍റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു. പോലീസ് സംഘത്തില്‍ എ.എസ്.ഐ സദന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ദിനേശ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ അബൂബക്കര്‍ സിദ്ദിഖിനെതിരെ ബദിയഡുക്കയില്‍ മൂന്നും ഹാരിസിനെതിരെ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നരഹത്യാശ്രമം ഉള്‍പ്പെടെ മൂന്നു കേസുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു.