തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനില്‍ നിന്നും 201 മൊബൈല്‍ഫോണുകള്‍ പിടികൂടി

കാസര്‍കോട്: മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്‍റില്‍ നിന്ന് 201 മൊബൈല്‍ ഫോണുകള്‍ പിടികൂടി. ജാംനഗര്‍ തിരുനെല്‍വേലി എക്സ്പ്രസ്സില്‍ നിന്നാണ് ഫോണുകള്‍ പിടികൂടിയത്. ആര്‍പിഎഫ് പരിശോധനയ്ക്കിടെ ഉടമസ്ഥന്‍ ഇല്ലാതെ ഉപേക്ഷിച്ച നിലയില്‍ മൂന്ന് ബാഗുകളിലായി മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍പിഎഫ് നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബാഗ് ട്രെയിനില്‍ എത്തിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട മൊബൈല്‍ ഫോണുകള്‍ വില്‍പ്പനയ്ക്കായി കൊണ്ടുവരുന്നതാണ് എന്നാണ് സംശയിക്കുന്നത്. കണ്ടെത്തിയതില്‍ 89 മൊബൈല്‍ ഫോണുകള്‍ക്ക് ഇഎംഐ നമ്പ റുകളുണ്ട്. 112 മൊബൈല്‍ ഫോണുകളില്‍നിന്ന് ഇഎംഐ നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നീക്കം ചെയ്തിട്ടുണ്ട്. ആര്‍ പി എഫ് പിടികൂടിയ മൊബൈല്‍ ഫോണുകള്‍ മംഗലാപുരം ജംങ്ഷന്‍ റെയില്‍വേ പോലീസിന് കൈമാറി. ആര്‍പി എഫ് മംഗലാപുരം ജംഗ്ഷന്‍ ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍ ഒതയോത്ത്, സബ് ഇന്‍സ്പെക്ടര്‍ രാജീവ്, എഎസ്ഐ കെ.ശശി, പി.സുജീഷ് കുമാര്‍, എം.രാഘവന്‍, പി.രാമകൃഷ്ണന്‍, കെ.സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് മൊബൈലുകള്‍ പിടികൂടിയത്.