മലയോരത്തിന്‍െറ എം വി ഐ നാളെ വിരമിക്കും

വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ആസ്ഥാനമായ മലയോര പ്രദേശത്തെ ആദ്യത്തെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ വി.ജെ.സാജു നാളെ സര്‍വീസില്‍ നിന്നും വിരമിക്കും. 1995 മെയ് 3 ന് കെ.എസ്.ആര്‍.ടി. സിയില്‍ അസിസ്റ്റന്‍റ് ഡിപ്പോ എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാജു കെ എസ് ആര്‍ ടി സിയില്‍ ഡിപ്പോ എഞ്ചിനീയര്‍, അസിസ്റ്റന്‍റ് വര്‍ക്ക്സ് മാനേജര്‍, വര്‍ക്സ് മാനേജര്‍ എന്നീ തസ്തികകളില്‍ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത ശേഷം കോഴിക്കോട് ആസ്ഥാനമായ ഉത്തരമേഖലയുടെ ചുമതല ഉള്ള സോണല്‍ ഓഫീസറായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അവിടെ നിന്നും രാജിവെച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്. കെ എസ് ആര്‍ ടി സിയില്‍ ജോലി ചെയ്യുന്ന സമയത്ത് മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഒട്ടനേകം സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചു. കൊന്നക്കാട് നിന്നും വെളുപ്പിന് 4.25 ന് പുറപ്പെടുന്ന കൊന്നക്കാട്-മംഗലാപുരം സര്‍വീസും (ആദ്യത്തെ പരശുറാം എക്സ്പ്രെസ് ട്രെയിന്‍ കണക്ഷന്‍ ബസ്സ്), കൊന്നക്കാട്-കോട്ടയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസും ഇതില്‍ പ്രധാനമാണ്. കെ എസ് ആര്‍ ടി സി കാഞ്ഞങ്ങാട് ഡിപ്പോയുടെ ആരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും സോണല്‍ ഓഫീസറായിരുന്ന സാജുവാണ്. വെള്ളരിക്കുണ്ട് സബ് ആര്‍ ടി ഓഫീസിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ പങ്ക് വഹിച്ചു. 31 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് നാളെ സാജു വിരമിക്കുന്നത്. സാമൂഹിക സാംസ്കാരിക രംഗത്തും സജീവമായിരുന്ന ഇദ്ദേഹം ഇപ്പോള്‍ വെള്ളരിക്കുണ്ട് വൈ എം സി എ യുടെ പ്രസിഡന്‍റാണ്. പാവപ്പെട്ട ഒരു സഹോദരന് വീട് നിര്‍മ്മിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ് വെള്ളരിക്കുണ്ട് വൈ എം സി എ. മുമ്പ് വെള്ളരിക്കുണ്ട് ജേസീസ്, വൈസ്മെന്‍ ക്ലബ് എന്നിവയുടെ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് കൂരാംകുണ്ടിലാണ് താമസം. ഭാര്യ വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപിക മെര്‍ളി ജോസഫ്. മക്കള്‍ ഡോ.അനുഷ് ജോണ്‍ സാജു, അനുഷിത ആന്‍ സാജു (എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനി, ജൂബിലി മെഡിക്കല്‍ മിഷന്‍ തൃശൂര്‍).