വൈദ്യുതി വിച്ഛേദിച്ചതിനെച്ചൊല്ലി തര്‍ക്കം; 16കാരിക്കും കുടുംബത്തിനും മര്‍ദ്ദനം

കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്സ് ഉടമയും മകനും ചേര്‍ന്ന് 16 കാരിയെയും മാതാവിനെയും സഹോദരനെയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അമ്പലത്തറ ഏച്ചിക്കാനത്തെ നസീറിന്‍റെ മകള്‍ നിതാ ഫാത്തിമ (16) നല്‍കിയ പരാതിയില്‍ പടന്നക്കാട്ടെ മൊയ്തീന്‍കുഞ്ഞ്, മകന്‍ സിനാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പരാതിക്കാരിയുടെ മാതാവ് നൂര്‍ജഹാനും സഹോദരന്‍ നാഷിനുമാണ് മര്‍ദ്ദനമേറ്റതത്രെ.നിതാ ഫാത്തിമയും കുടുംബവും പടന്നക്കാട് ആയുര്‍വേദ ആശുപത്രിക്ക് സമീപം മൊയ്തീന്‍കുഞ്ഞിന്‍റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ക്വാര്‍ട്ടേഴ്സിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. വൈദ്യുതി ഇല്ലാത്തതിന്‍റെ കാരണം അന്വേഷിക്കാന്‍ ചെന്ന നിതാ ഫാത്തിമയെ ഉടമ അസഭ്യം പറഞ്ഞെന്നാണ് ആരോപണം. ഇതേക്കുറിച്ച് ചോദിക്കാന്‍ എത്തിയ മാതാവ് നൂര്‍ജഹാനെയും സഹോദരന്‍ നാഷിനെയും ഉടമയും മകനും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.