എന്‍വിഎസ്ڊ03 ഭ്രമണപഥത്തില്‍; ജിഎസ്എല്‍വിയുടെ 20-ാം വിക്ഷേപണം

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി എഫ് 18 ദൗത്യം വിജയം. രാജ്യത്തിന് സ്വന്തമായി നാവിഗേഷന്‍ സൗകര്യമൊരുക്കുന്ന എന്‍വിഎസ് 03 ഉപഗ്രഹം 30ന് രാത്രി 11.51ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. വിദേശ രാജ്യങ്ങളുടെ ജിപിഎസിന് പകരമായി ഗതി നിര്‍ണയത്തിനായി വികസിപ്പിച്ചതാണ് എന്‍വിഎസ്.03 ഉപഗ്രഹം ജിഎസ്എല്‍വിഎഫ് 18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തദ്ദേശീയ നാവിഗേഷന്‍ സംവിധാനമായ 'നാവിക്' പരമ്പരയിലെ ആധുനിക ഉപഗ്രഹമാണിത്. ഐഎസ്ആര്‍ഒയുടെ 'സ്മാര്‍ട്ട് ബോയ്' എന്നറിയപ്പെടുന്ന ജിഎസ്എല്‍വി റോക്കറ്റിന്‍റെ ഇരുപതാം ദൗത്യവും.

2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനകാലാവധി 12 വര്‍ഷമാണ്. നാവിക് ശ്രേണിയിലെ പഴയ ഉപഗ്രഹങ്ങളില്‍ പലതും പ്രവര്‍ത്തിക്കാത്തത് ഗതിനിര്‍ണയ സംവിധാനത്തെ ബാധിച്ചിരുന്നു. കൃത്യമായ നാവിഗേഷന്‍ ഉറപ്പാക്കാന്‍ നാല് ഉപഗ്രഹങ്ങളെങ്കിലും വേണം. എന്‍വിഎസ് 03 ഉപഗ്രഹത്തെ ജിഎസ്എല്‍വി റോക്കറ്റ് ഭൗമസ്ഥിര ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ എത്തിക്കും. അവിടെ നിന്ന് ഉപഗ്രഹത്തിലെ സ്വന്തം പ്രൊപ്പല്‍ഷന്‍ സിഗ്നലുകള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തും. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ ഉപഗ്രഹ ശൃംഖലയായ നാവിക്കിനെ പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള ദൗത്യമാണിത്. ആകെ ദൗത്യ സമയം 19 മിനിറ്റാണ്. രണ്ടാം തലമുറ ഗതിനിര്‍ണയ ഉപഗ്രഹങ്ങളില്‍ മൂന്നാമത്തേതാണ് എന്‍വിഎസ് 03. ഇന്ത്യയുടെ 1500 കിലോമീറ്റര്‍ ചുറ്റളവില്‍ എന്‍വിഎസ് 03യുടെ സേവനം ലഭ്യമാകും.

എന്‍വിഎസ് 03ന് ജിപിഎസിനെക്കാള്‍ കൂടുതല്‍ സൂക്ഷ്മതയോടെ ലൊക്കേഷന്‍ നല്‍കാന്‍ കഴിയും. മൊബൈല്‍ ഫോണുകളിലടക്കം കൃത്യമായ ലൊക്കേഷന്‍ സേവനം ഇതോടെ ലഭ്യമാകും. പൂര്‍ണതോതിലുള്ള നാവിക് സംവിധാനം വഴി രാജ്യത്തെ ട്രെയിനുകളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. സമയ നിര്‍ണയത്തിന് തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഉപഗ്രഹത്തില്‍ ഉപയോഗിക്കുന്നത്.

എല്‍5, എസ് എന്നീ ഫ്രീക്വന്‍സി ബാന്‍ഡുകള്‍ക്കു പുറമേ പുതുതായി എല്‍ 1 ഫ്രീക്വന്‍സി (സിഗ്നല്‍) ബാന്‍ഡുകളും ഉപഗ്രഹം നല്‍കും. മൊബൈല്‍ ഫോണുകളിലെ ജിപിഎസ് പ്രവര്‍ത്തിക്കുന്നത് എല്‍1 ബാന്‍ഡിലാണ്. പ്രതിരോധം, റെയില്‍ റോഡ് വ്യോമ ഗതാഗതം, ദുരന്തനിവാരണം, ടെലികോം തുടങ്ങി വിവിധ മേഖലകളില്‍ ഉപഗ്രഹം സഹായകമാകും.