നീലേശ്വരം: നീലേശ്വരത്ത് വിചിത്രമായ ഒരു സമരം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഒരേ ആവശ്യത്തിന് ഒരേ സ്ഥലത്ത് ഇരുഭാഗത്തുമായി പന്തല്ക്കെട്ടിയുള്ള അപൂര്‍വ്വ സമരം ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി നീലേശ്വരം നഗരത്തെ രണ്ടായി മുറിച്ച് നിര്‍മ്മിക്കുന്ന (മണ്‍മതില്‍) എംബാങ്ക്ഡ് പാതയ്ക്ക് പകരം ആകാശപാത വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നീലേശ്വരത്ത് ഒരേ സ്ഥലത്ത് രണ്ട് സമരങ്ങള്‍ നടക്കുന്നത്. ഒന്ന് ജനകീയ സമിതി എന്ന പേരിലും മറ്റൊന്ന് ജനകീയ കര്‍മ്മസമിതിയുടെ പേരിലുമാണ് സമരം. നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും നഗരസഭ കൗണ്‍സിലര്‍മാരും നേതൃത്വം നല്‍കുന്നതാണ് ജനകീയ കര്‍മ്മസമിതി. ഇതില്‍ നിന്ന് വ്യത്യസ്തമാണ് ജനകീയസമിതി. ഇവര്‍ക്ക് വലിയ രാഷ്ട്രീയ നേതൃത്വത്തിന്റെയോ നഗരസഭയുടെയോ പിന്തുണ ഇല്ലെന്നാണ് പറയുന്നത്.
ദേശീയപാത നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്ന് നീലേശ്വരത്ത് എല്ലാവരും എന്തൊക്കെയോ ചെയ്തു എന്നാണ് പറയുന്നത്. എന്നാല്‍ തമ്മിലടിയും രാഷ്ട്രീയ പോരും കാരണം അന്ന് ഒന്നും ചെയ്തില്ല എന്നതാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവുന്നത്. പിന്നീട് ഒന്നും ചെയ്യാതിരുന്ന ഭരണ രാഷ്ട്രീയ നേതൃത്വം ദേശീയപാത നിര്‍മ്മാണം ഏതാണ്ട് പകുതിയിലധികം കഴിയുന്നതുവരെ ഉറങ്ങുകയായിരുന്നു. നീലേശ്വരത്ത് ആകാശപാത ഇല്ലെന്നു മനസ്സിലാക്കിയ കുറച്ച് ആളുകള്‍ ചേര്‍ന്ന് ജനകീയ സമിതി രൂപീകരിച്ചു സമര രംഗത്തിറങ്ങി. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായ ചിലര്‍ അതില്‍ നിന്ന് മാറി നിന്നുവെങ്കിലും അവര്‍ സമരവുമായി മുന്നോട്ടു പോയി. ജനകീയ സമിതിയില്‍ ലീഗ് നേതാവും നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് കോട്ടായി, കോണ്ഗ്രസുകാരന് പ്രകാശന് കൊട്ടറ തുടങ്ങിയവരുണ്ട്. ഇവരുടെ സമരം മുന്നോട്ടു പോകുമ്പോള്‍ ജനരോഷം തങ്ങള്‍ക്കെതിരാകുമെന്ന് കണ്ട് നില്‍ക്കക്കള്ളിയില്ലാതെയാണ് നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ കര്‍മ്മസമിതി രൂപീകരിച്ച് സമരം തുടങ്ങിയത്. അപ്പോഴേക്കും ജനകീയസമിതിയുടെ സമരം ഒരു മാസം പിന്നിട്ടിരുന്നു. ഇന്നേക്ക് 96-ാം ദിവസമാണ് ജനകീയ സമിതിയുടെ സമരം.
നഗരസഭ നേതൃത്വവും ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാരും ഒന്നടങ്കം ആകാശപാതയുടെ പുറകെ പോകുന്നതിനാല്‍ നീലേശ്വരത്ത് മറ്റു കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. രണ്ട് കൂട്ടരും ഒന്നിച്ചു ചേര്‍ന്നു കൊണ്ട് മുന്നോട്ടു പോയാല്‍ ഒരുപക്ഷേ ആകാശപാത അനുവദിച്ചു കിട്ടും എന്നാണ് പൊതുജനങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായത് ഒരു ആശങ്കയായി നിലനില്ക്കുന്നു. കഴിഞ്ഞ ദിവസം ഇരു സമരക്കാരും കയ്യാങ്കളിയിലേക്ക് നീങ്ങി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇങ്ങനെ പോയാല്‍ വിചിത്രമായ ഈ സമരങ്ങള്‍ എന്ന് തീരും എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞ് ഇല്ലാതാകുമോ എന്ന സംശയവും ജനങ്ങള്‍ക്കുണ്ട്.