കണ്ണൂര്‍: സ്റ്റാന്റില്‍ നിര്‍ത്തിയിടുന്ന ഓട്ടോകളില്‍ കവര്‍ച്ചാ പരമ്പര നടത്തിയ മോഷ്ടാവിനെ ഒടുവില്‍ പോലീസ് കയ്യോടെ പൊക്കി. ചിറ്റാരിക്കാല്‍ സ്വദേശിയായ ഷൈജു ജോസഫിനെയാണ് (34) തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. ഡ്രൈവര്‍മാര്‍ ചായ കുടിക്കാനോ , പ്രാഥമിക ആവശ്യത്തിന് പോകുന്ന സമയം നോക്കി ഓട്ടോകളുടെ ഡാഷ് ബോക്സ് കുത്തിത്തുറന്നാണ് ഇയാള്‍ മോഷണം പതിവാക്കിയത്. പണം നഷ്ടപ്പെട്ട പലരും പരാതിയുമായി എത്തിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഇതിനിടയില്‍ ജൂലായ് എട്ടിന് പഴയ ബസ്റ്റാന്റിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്ന് 8000 രൂപ മോഷണം പോയി. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു മോഷ്ടാവിനെ കുറിച്ചുള്ള ചിത്രം തയ്യാറാക്കി. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സി പി ഒ ഷിജിന് കാരായി നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണത്തിനെത്തിയ ഷൈജു ജോസഫിനെ കയ്യോടെ പിടികൂടിയത്. കാക്കി ഷര്‍ട്ട് ധരിച്ച് ഓട്ടോ ഡ്രൈവര്‍ എന്ന ഭാവേനയാണ് മോഷ്ടാവ് സ്റ്റാന്റില്‍ എത്തിയിരുന്നത്. ഷൈജു ജോസഫിനെതിരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 17ല്‍പരം കേസുകളുള്ളതായി പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് കാമുകിക്കൊപ്പം ഉല്ലസിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
റിക്ഷകളില്‍ നിന്ന് പണം കവരുന്ന ചിറ്റാരിക്കാല്‍ സ്വദേശി അറസ്ററില്‍