സിപിഎം പ്രവര്‍ത്തകന്‍റെ സ്കൂട്ടര്‍ കത്തിച്ച പ്രതി വലയില്‍

നീലേശ്വരം: സിപിഎം പ്രവര്‍ത്തകന്‍റെ സ്കൂട്ടര്‍ കത്തിച്ച കേസിലെ പ്രതി പോലീസ് വലയിലായതായി സൂചന. നീലേശ്വരം തോട്ടുംപുറത്തെ സിപിഎം പ്രവര്‍ത്തകന്‍ ഇട്ടപ്പുറം പ്രകാശന്‍റെ സ്കൂട്ടറാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് പുലര്‍ച്ചെ ഒരു മണിയോടെ കത്തി നശിച്ചത്. സ്കൂട്ടറിന് തീ വെച്ചതാണെന്ന് അന്ന് തന്നെ ഉറപ്പിച്ചിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ കത്തുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയെങ്കിലും ഫലം ഉണ്ടായില്ല. തീ വെപ്പിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിരുന്നില്ല. അടുത്തൊന്നും സിസിടിവി ഇല്ലാത്തതിനാല്‍ പോലീസ് ശാസ്ത്രീയമായ പരിശോധനകള്‍ നടത്തിയതിന്‍റെ ഭാഗമായിട്ടാണ് പ്രതിയെ കുറിച്ച് ഏകദേശ സൂചന ലഭിച്ചത്. സിപിഎം സിറ്റിംഗ് സീറ്റായ ഇവിടെ നിന്ന് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയിരുന്നു. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുമായി ഉണ്ടായ പ്രശ്നത്തിന് ഇതിന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ സംശയമുനയിലുള്ളയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും പറയപ്പെടുന്നു.