രണ്ട് യുവാക്കളുടെ മരണം: ലോറി ഡ്രൈവര്‍ റിമാന്‍ഡില്‍

നീലേശ്വരം: പടന്നക്കാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ നരഹത്യാക്കുറ്റം ചുമത്തി ഹോസ്ദുര്‍ഗ് പോലീസ്. റോഡില്‍ അശ്രദ്ധമായി ലോറി നിര്‍ത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് പോലീസ് അസാധാരണമായ നിയമനടപടിയിലേക്ക് കടന്നത്. അറസ്റ്റിലായ ഡ്രൈവറെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു. പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശികളായ മനോജ് കുമാറിന്‍റെ മകന്‍ അനുരാഗ് മനോജ് (22), പി. വേണുഗോപാലന്‍റെ മകന്‍ പി.യു. ആനന്ദകൃഷ്ണന്‍ (24) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ പടന്നക്കാട് നെഹ്റു കോളജിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം. കാഞ്ഞങ്ങാട് തെരു ലക്ഷ്മിനഗറില്‍ നടക്കുന്ന തെയ്യം കാണാന്‍ ബൈക്കില്‍ പോകുകയായിരുന്ന യുവാക്കള്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

കര്‍ണാടക ബെല്‍ഗാം അംഗോള്‍ രഘുനാഥ് പേട്ടിലെ റഹീം ബസപ്പൂര്‍ (35) ആണ് കേസില്‍ അറസ്റ്റിലായത്. കെ.എ. 25 എ.ബി. 4896 നമ്പര്‍ ലോറിയുടെ ഡ്രൈവറാണ് ഇയാള്‍. അപകടത്തിന്‍റെ സാഹചര്യങ്ങളും ലോറി അശ്രദ്ധമായി റോഡില്‍ നിര്‍ത്തിയിട്ടതിലെ വീഴ്ചകളും വിശദമായി പരിശോധിച്ച ശേഷമാണ് ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ നരഹത്യാക്കുറ്റം ചുമത്താന്‍ പോലീസ് തീരുമാനിച്ചത്. സംസ്ഥാനത്ത് റോഡപകടങ്ങളും അപകടമരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശവും നടപടിക്ക് പിന്നിലുണ്ട്. റോഡില്‍ അശ്രദ്ധമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഗുരുതരമായ അപകടങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തില്‍ ഇത്തരം വീഴ്ചകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് പോലീസ്.