30 ലേറെ സിപിഎം കുടുംബങ്ങള്‍ ബിജെപിയിലേക്ക് ?

മടിക്കൈ: ചതുരക്കിണറിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞ കുറേ നാളുകളായി നടക്കുന്ന ആക്രമണങ്ങളിലും രാഷ്ട്രീയ വിഭാഗീയതയിലും പ്രതിഷേധിച്ച് മുപ്പതിലേറെ സിപിഎം കുടുംബങ്ങളും പാര്‍ട്ടി മെമ്പര്‍മാരും പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ പോകാനൊരുങ്ങുന്നു. മുമ്പ് പലതവണ തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായപ്പോഴും ആശുപത്രി വാസം അനുഭവിച്ചപ്പോഴും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടുന്ന എതിര്‍വിഭാഗത്തെ സംരക്ഷിക്കാനും സഹായിക്കാനും പാര്‍ട്ടി മുതിര്‍ന്നതും തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും കൂട്ടാക്കാതെ തങ്ങളെ തള്ളിപ്പറഞ്ഞതും ഒടുവില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിലും പാര്‍ട്ടി സ്വീകരിച്ച നിലപാടാണ് മടിക്കൈ പോലുള്ള പാര്‍ട്ടി ഗ്രാമത്തില്‍ ഇങ്ങനെയൊരു വിള്ളലിനിടയാക്കിയത്.

പ്രദീപന്‍ എന്ന പാര്‍ട്ടി മെമ്പറെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി ഇതുവരെ സ്വീകരിച്ചതെന്നാണ് പരാതി. സമാധാന അന്തരീക്ഷത്തില്‍ പോയിരുന്ന ചതുരക്കിണറിലും പ്രദേശങ്ങളിലും വീണ്ടും ഒരു ആക്രമണത്തിന് കോപ്പ് കൂട്ടിയത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ മൗന സമ്മതത്തോട് കൂടിയാണെന്നും, അക്രമത്തിനു ഇരയായ പാര്‍ട്ടി കുടുംബങ്ങള്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ നീക്കം തുടങ്ങിയതോടെ അത് തടയാന്‍ സിപിഎം നേതാക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രീയ വിഭാഗീയതയും നേരിടുന്ന അക്രമണങ്ങളും ഇനിയും നോക്കി നില്‍ക്കാനാവില്ലന്നും പൂര്‍ണ്ണമായും ഇടതുപക്ഷത്തുനിന്ന് വിട്ടുനില്‍ക്കാന്‍ തന്നെയാണ് തീരുമാനമെന്നും ആക്രമത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു.