24 മണിക്കൂറിനിടെ 21 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍

നീലേശ്വരം: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയാന്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 24 മണിക്കൂറിനിടെ 21 കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായി. വിവിധ സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനയില്‍ ബുള്ളറ്റുകളും ബൈക്കുകളും സ്കൂട്ടറുകളും ഇലക്ട്രിക് സ്കൂട്ടറുകളും കസ്റ്റഡിയിലെടുത്തു. കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കിയ മാതാപിതാക്കള്‍, വാഹന ഉടമകള്‍, ബന്ധുക്കള്‍, പരിചയക്കാര്‍ എന്നിവര്‍ക്കെതിരെ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ്, പടന്ന, ചെറുവത്തൂര്‍, കോട്ടപ്പുറം, ബന്തിയോട്, ഉപ്പള, ഷിറിയക്കുന്ന്,മേല്‍പ്പറമ്പ്, ചിറ്റാരിക്കാല്‍, ബദിയടുക്ക, ബേഡകം, കാസര്‍കോട്, മഞ്ചേശ്വരം, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കുട്ടി ഡ്രൈവര്‍മാരെ പിടികൂടിയത്. പിടിയിലായവരില്‍ 14 മുതല്‍ 17 വയസ്സുവരെയുള്ളവരുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക്കിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം നല്‍കുന്ന ആര്‍.സി. ഉടമകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.