സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിക്കുന്നു

കോഴിക്കോട്: കാലാവസ്ഥ വ്യതിയാനവും 'എല്‍ നിനോ' പ്രതിഭാസവും കാരണം കാര്‍ഷിക ഉല്‍പാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. അരി, പരിപ്പുവര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവക്ക് വന്‍ വിലവര്‍ധനവാണ് പൊതുവിപണിയില്‍ അനുഭവപ്പെടുന്നത്. ഉല്‍പാദനം സാധാരണ നിലയിലാകാന്‍ സമയമെടുക്കുമെന്നതിനാല്‍ വില ഉടന്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. പഞ്ചസാര, വറ്റല്‍ മുളക്, തുവര പരിപ്പ് എന്നിവക്ക് കിലോയ്ക്ക് 20 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപ കൂടി കിലോക്ക് 73 രൂപയിലെത്തി. കുറുവാ അരി, ബിരിയാണി അരികളായ കൈമ, കോല എന്നിവക്കും വില കൂടിയിട്ടുണ്ട്.

കടലക്ക് കിലോ10 രൂപ കൂടി. ഉഴുന്നിന് എട്ട് രൂപയും വന്‍ പയറിന് 14 രൂപയും കൂടി. ചെറുപയറിനും വില വര്‍ദ്ധിച്ചു. കേരളത്തിലേക്ക് പ്രധാനമായും അരിയടക്കമുള്ള ധാന്യങ്ങള്‍ എത്തുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കടുത്ത വരള്‍ച്ചയും പ്രകൃതിവിപത്തുകളും കാരണം കൃഷി നശിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘര്‍ഷവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കാന്‍ കാരണമാകും എന്ന് വ്യാപാരികള്‍ പറഞ്ഞു.