ആദൂര്‍: വീടിന്‍റെ പിന്‍വശത്തെ അടുക്കള വാതില്‍ കുത്തിത്തുറന്ന് ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കളായ രണ്ടുപേരെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ അഭിരാജ് (35), പത്തനാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആദിത്യന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 20ന് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടാര്‍ വെള്ളക്കടവില്‍ താമസിക്കുന്ന സദാനന്ദന്‍റെ വീട്ടിലാണ് മോഷണം നടന്നത്. പകല്‍സമയത്ത് വീടിന്‍റെ പിന്‍ഭാഗത്തെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. മോഷണം നടന്ന വീടിന് സമീപത്തെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കാര്യമായ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. എന്നാല്‍ നാട്ടുകാരില്‍ ഒരാള്‍ നല്‍കിയ സൂചനയില്‍ മോഷണം നടന്ന ദിവസത്തില്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനെ കേന്ദ്രീകരിച്ചായിരുന്നു തുടര്‍ന്നുള്ള അന്വേഷണം.
തുടര്‍ന്ന് മൈസൂര്‍, നഞ്ചന്‍കോട് ഉള്‍പ്പെടെയുള്ള മേഖലകളിലെ വിവിധ സ്ഥലങ്ങളിലായി 250ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ദീര്‍ഘമായ അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് എറണാകുളം ജില്ലയിലെ പനങ്ങാട്, കുമ്പളം ഭാഗത്ത് പുതുതായി താമസിക്കാനെത്തിയ അഭിരാജിനെ അവിടെ നിന്നും, കൊല്ലം പത്തനാപുരത്തെ വാടകവീട്ടില്‍നിന്ന് ആദിത്യനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിരാജിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 22ഓളം കേസുകള്‍ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. നീലേശ്വരം ചിറപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഒ.വി. രവീന്ദ്രന്‍റെ വീട്ടില്‍ മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ കോഴിക്കോട് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയിരുന്നത്.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവി രാജ് ഐപിഎസിന്‍റെ നിര്‍ദേശപ്രകാരം ബേക്കല്‍ ഡിവൈഎസ്പി വിനോദ് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ ആദൂര്‍ ഇന്‍സ്പെക്ടര്‍ അനൂപിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.സബ് ഇന്‍സ്പെക്ടര്‍ കെ ശരത്, സുകുമാരന്‍, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ പ്രസാദ് പുല്ലൂര്‍, ജോസ് വിന്‍സന്‍റ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, നിതിന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്തിടെ നടന്ന ചെറുതും വലുതുമായ മിക്ക മോഷണക്കേസുകളില്‍ പ്രതികളെ കണ്ടെത്തുവാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് കേസുകളില്‍ പ്രതികളിലേക്ക് പൊലീസ് എത്തുന്നത്.