രാജപുരത്തും മംഗല്‍പ്പാടിയിലും കോഴിക്കെട്ട് ചൂതാട്ടം; 10 പേര്‍ അറസ്റ്റില്‍

രാജപുരം: കോഴിപ്പോര് ചൂതാട്ടം നടത്തിയ സംഘങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. രാജപുരത്തും കുമ്പളയിലുമായി നടത്തിയ പരിശോധനയില്‍ പത്തുപേരെ പൊലീസ് പിടികൂടി. 22 കോഴികളെയും 8,950 രൂപയും പിടിച്ചെടുത്തു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാര്‍ അഞ്ജനമുക്കൂടില്‍ കുറ്റിക്കോല്‍ റോഡരികിലെ റബര്‍ തോട്ടത്തിലാണ് കോഴിക്കെട്ട് ചൂതാട്ടം നടന്നത്. ഇന്നലെ നടത്തിയ പരിശോധനയില്‍ ചൂതാട്ടത്തിലേര്‍പ്പെട്ടിരുന്ന രഞ്ജിത്ത് (29), വസന്ത (49), ഹരീഷ (54), സന്തോഷ് (47) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 5,840 രൂപ പിടിച്ചെടുത്തു. ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന കോഴികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന നിരവധി പേര്‍ ഓടി രക്ഷപ്പെട്ടു. ഇതിനുപുറമെ, മംഗല്‍പ്പാടി പ്രതാപ് നഗറില്‍ നിന്നും കുമ്പള പോലീസ് കോഴിപ്പോര് ചൂതാട്ടം പിടികൂടി. ഇന്നലെ വൈകിട്ട് 4.15ഓടെ നടത്തിയ റെയ്ഡില്‍ ആറുപേര്‍ പിടിയിലായി. ദിനേശ് (26), മോഹനന്‍ (42), ഉദയന്‍ (42), കൗഷിക് (32), ഗണേഷ് (55), പത്മനാഭന്‍ (50) എന്നിവരാണ് പിടിയിലായത്.ഇരുപതോളം പേര്‍ ചേര്‍ന്നാണ് ഇവിടെ കോഴിപ്പോര് ചൂതാട്ടം നടത്തിയിരുന്നതെന്നാണ് വിവരം. പൊലീസ് പരിശോധനയ്ക്കിടെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. 14 പൂവന്‍കോഴികളെയും 3,110 രൂപയും ഇവിടെനിന്ന് പിടിച്ചെടുത്തു.