കോഴിക്കോട്: ഔഷധി ചെയര്‍പേഴ്സണായിരിക്കെ ശോഭന ജോര്‍ജ് സ്ഥാപനത്തിന്റെ ചെലവില്‍ നടത്തിയ അനധികൃത സൗന്ദര്യചികിത്സയില്‍ ദിവസേന ഉപയോഗിച്ചത് കിലോക്കണക്കിന് ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളുമെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഔഷധിയുടെ പഞ്ചകര്‍മ ആശുപത്രിയിലെ ഡീലക്സ് എസി മുറിയില്‍ നടന്ന ഈ ചിട്ടവട്ടങ്ങള്ക്കായി ഔഷധിയുടെ ഔദ്യോഗിക ഫണ്ടും ഡോക്ടര്‍മാരുടെ സേവനവും ദുരുപയോഗം ചെയ്തതായാണ് കണ്ടെത്തല്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഔഷധി ചെയര്‍പേഴ്സണായിരിക്കെയാണ് അനധികൃത സൗജന്യ സൗന്ദര്യ ചികിത്സനടത്തിയത്.
ഒരു ദിവസത്തെ ഫേഷ്യലിനും മറ്റ് ചികിത്സക്കുമായി ദിവസവും മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടയും നാരങ്ങാനീരുമാണ് ഉപയോഗിച്ചിരുന്നത്. ഈ സവിശേഷ മിശ്രിതം ഏലാദി വെളിച്ചെണ്ണയില്‍ ചേര്‍ത്താണ് പ്രയോഗിച്ചത്. ഇതിനുപുറമെ മുരിങ്ങയിലയും ഇളനീരും ചേര്‍ത്ത കൂട്ട്, അരിപ്പൊടിയും ഓറഞ്ചുനീരും തൈരും ചേര്‍ത്ത ഫെയ്സ്പാക്ക്, പാലും റോസ് വാട്ടറും, മഞ്ഞള്‍ ബോഡിറാപ്പും നസ്യവും ഉള്‍പ്പെടെയുള്ള വിപുലമായ ചേരുവകളും ഔഷധിയുടെ ചെലവില്‍ എത്തിച്ചു.
ആശുപത്രി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി, ഔദ്യോഗിക രേഖകളില്‍ പേരോ വിവരങ്ങളോ ഉള്‍പ്പെടുത്താതെയായിരുന്നു 2002 ജൂലൈയിലെ ഈ വിഐപി പരിചരണം. ചെയര്‍പേഴ്സണ്‍ സൗജന്യചികിത്സയ്ക്ക് അര്ഹതയില്ലെന്നിരിക്കെയും, ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രിയില്‍ സൗന്ദര്യചികിത്സാരീതികള് നിലവിലില്ലെന്നിരിക്കെയുമാണ് കോഴിമുട്ടയും പൂമൊട്ടുകളും ഉപയോഗിച്ചുള്ള ചികിത്സ അരങ്ങേറിയത്. ആശുപത്രി സൂപ്രണ്ട് അന്നത്തെ മാനേജിങ് ഡയറക്ടറെ രേഖാമൂലം അറിയിച്ച ഈ ക്രമക്കേടുകള്‍ ശരിവെക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ആരോഗ്യമന്ത്രിക്ക് കൈമാറി. 65 വയസുകാരിയായ മുത്തശ്ശിയാണ് ശോഭന.