സെര്‍വര്‍ പണിമുടക്കി; സംസ്ഥാന വ്യാപകമായി മസ്റ്ററിംങ് നടപടി അലങ്കോലപ്പെട്ടു

കാഞ്ഞങ്ങാട്: ഇന്ന് ആരംഭിക്കാനിരുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ്ങ് നടപടി മുടങ്ങി. സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്നാണ് റേഷന്‍ മസ്റ്ററിങ് സംസ്ഥാന വ്യാപകമായി ഇന്ന് രാവിലെ മുടങ്ങിയത്. രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെ ക്യാമ്പ് നടത്തുമെന്ന അറിയിപ്പിനെ തുടര്‍ന്ന് റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡുമായി മസ്റ്ററിങ്ങിനെത്തിയ നിരവധി ജനങ്ങള്‍ ഇതോടെ ദുരിതത്തിലായി. ജോലിക്ക് പോകേണ്ടവര്‍ പലറേഷന്‍ കടകളിലും രാവിലെ 5 മണിക്കുതന്നെ വന്ന് ക്യൂ നിന്നിരുന്നു. റേഷന്‍കട ഉടമകള്‍ ഏറെ നേരം പയറ്റിയിട്ടും ഒരുകാര്‍ഡിന്റെ പോലും മസ്റ്ററിംങ് നടത്താന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ സംഘടിച്ചതോടെ റേഷന്‍വ്യാപാരികളും മറുപടി നല്‍കാന്‍ കഴിയാതെ വിയര്‍ത്തു. ചിലയിടത്ത് വാക്കേറ്റവും കയ്യേറ്റവും ഉണ്ടായി. എല്ലായിടത്തും റേഷന്‍വ്യാപാരികള്‍ നിസഹായരായി കൈമലര്‍ത്തി.

മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം. മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡിലെ അംഗങ്ങളുടെ ഇ-കെ.വൈ.സി. നടത്താന്‍ 15 മുതല്‍ 17 വരെ പ്രത്യേക ക്യാമ്പുകളും സജ്ജമാക്കിയിരുന്നു. റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമേ ഇ-കെ.വൈ.സി മസ്റ്ററിങ് സാധിക്കൂവെന്നതിനാല്‍ റേഷന്‍വിതരണം നിര്‍ത്തിവെച്ചുകൊണ്ടായിരുന്നു മസ്റ്ററിങ് ക്യാമ്പുകള്‍.

ഇന്ന് രാവിലെ ക്യാമ്പുകളിലെത്തിയ മുന്‍ഗണനാ കാര്‍ഡുകളില്‍ മഞ്ഞ കാര്‍ഡുകാരുടെ മസ്റ്ററിങ്ങ് നടത്തിനോക്കാമെന്നും തടസങ്ങള്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ തിരുവനന്തപുരത്ത് പറഞ്ഞു. സാങ്കേതിക വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് 16 മുതലുള്ള മസ്റ്ററിങ്ങ് വിജയകരമാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. റേഷന്‍ വാങ്ങാന്‍ കാര്‍ഡില്‍ പേരുള്ള ഒരാള്‍ ഇ-പോസ്‌മെഷീനില്‍ വിരല്‍വെച്ചാല്‍മതി. ഒരാള്‍ വിരല്‍വെക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് മുഴുവന്‍ സര്‍വ്വര്‍ തകരാറിലാവുന്ന എത്രയോ സംഭവങ്ങളുണ്ടായി. ഒടുവില്‍ രാവിലെയും ഉച്ചകഴിഞ്ഞും റേഷന്‍ ഉപഭോക്താക്കളെ രണ്ടായിതിരിച്ചിരുന്നു. ഇടത്തരക്കാര്‍ക്ക് നന്നായി കമ്മീഷന്‍ കിട്ടുന്ന ശേഷികുറഞ്ഞ സര്‍വ്വറുകളാണ് റേഷന്‍കടകളില്‍ സ്ഥാപിച്ചിരിക്കുന്നത്. തകരാറുകളെ തുടര്‍ന്ന് ഉച്ചവരെയുള്ള മസ്റ്ററിംങ് നിര്‍ത്തിവെച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മഞ്ഞ കാര്‍ഡ് ഉടമകള്‍ അതാത് റേഷന്‍കടകളില്‍ എത്തണമെന്നാണ് ഏറ്റവും ഒടുവിലത്തെ അറിയിപ്പ്.