ഇടുക്കി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ നല്‍കിയ കേസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാത്യു കുഴല്‍നാടനെതിരെ ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തു. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16-ാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയെന്ന് എഫ്ഐആറില്‍ പറയുന്നു.
ഇടുക്കി വിജിലന്‍സ് യൂണിറ്റ് ആണ് ഇന്നലെ വൈകീട്ടോടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് കേസില്‍ ഒന്നാം പ്രതി. ആധാരത്തില്‍ വില കുറച്ച് കാണിച്ച് ഭൂമി രജിസ്ട്രേഷന്‍ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴല്‍നാടന്‍റെ ചിന്നക്കനാലിലെ ഭൂമി ഇടപാട് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്.
2021ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്‍റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴല്‍നാടന്‍റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങിയത്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാള്‍ കൂടുതല്‍ കാണിച്ചുവെന്ന ന്യായീകരണത്തിലുടെ ഇത് മാത്യു കുഴല്‍നാടന്‍ പ്രതിരോധിച്ചു. മുഖ്യമന്ത്രിക്കെതിരെ നിലപാട് എടുത്തതിന്‍റെ പ്രതികാരമായുള്ള വേട്ടയാടലാണെന്നായിരുന്നു മാത്യു കുഴല്‍നാടന്‍റെ വാദം.